mm-mani

വൈദ്യുതി ബോർഡിലെ ജീവനക്കാർ പൊതുജനങ്ങളോട് എന്നും മാന്യമായി പെരുമാറണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ജനങ്ങൾ പരാതി പറഞ്ഞാൽ അത് കേൾക്കാൻ കഴിയണമെന്നും, അല്ലെങ്കിൽ തെറി കേൾക്കേണ്ടി വരുന്നത് മന്ത്രിക്കും സർക്കാരിനുമാണെന്നും എം.എം മണി വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം മനസു തുറന്നത്.

'അവര് മാറുക തന്നെ ചെയ്യണം. മെച്ചപ്പെട്ട ആനുകൂല്യവും ശമ്പളവും എല്ലാമുണ്ട്. അതൊന്നും അധികമായിപ്പോയെന്ന അഭിപ്രായമൊന്നും എനിക്കും ഗവൺമെന്റിനും ഇല്ല. പൊതുജനങ്ങളോട് അവർ മാന്യമായി പെരുമാറണം. കാരണം അവരുടെ കഞ്ഞിയാണല്ലോ ഇത്. എനിക്കിപ്പോ ഇതില്ലേല്ലും ഞാൻ കഞ്ഞികുടിക്കുമല്ലോ? നമ്മുടെ ജീവിതം വേറെയല്ലേ? അവരുടെ ആനുകൂല്യവും ചോറും വരുമാനമാർഗവുമാണിത്. ജോലി ഭംഗിയായി ചെയ്യണം. വടിവയ്‌ക്കുന്നിടത്ത് കുടവച്ചില്ലേൽ പിന്നെ നാട്ടുകാർ എതിരാകും. വൈദ്യുതി ബോർഡ് എന്ന് പറഞ്ഞാൽ പച്ചത്തെറി പറയും ആൾക്കാർ. മോശം ഭാഷ, അത് മന്ത്രിയും ഗവൺമെന്റും കൂടി കേൾക്കേണ്ടി വരും. അതുകൊണ്ട് അങ്ങനൊന്നും പാടില്ല. ജനങ്ങൾ പരാതി പറഞ്ഞാൽ മര്യാദയ്‌ക്ക് കേൾക്കണം. അതിന് പരിഹാരം ഉണ്ടാക്കാൻ കഴിയണം. കാര്യങ്ങൾ കാര്യക്ഷമതയോടെ നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത വൈദ്യുതി ബോർഡിനുണ്ട്. മന്ത്രി എന്ന നിലയിൽ എനിക്കുമുണ്ട്. ജനങ്ങൾക്ക് ശരിയായ നിലയിൽ തക്ക സമയത്ത് സേവനം ചെയ്‌താലെ നല്ല അഭിപ്രായമുണ്ടാവുകയുള്ളൂ'- മന്ത്രി പറഞ്ഞു.