ആലപ്പുഴ: അന്തരിച്ച കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടിയുടെ ഭൗതികശരീരം ആലപ്പുഴ നഗരവും ജന്മനാടും ഏറ്റുവാങ്ങി. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിലും കുട്ടനാട് ചേന്നങ്കരിയിലെ വീട്ടിലും അന്ത്യാഞ്ജലി അർപ്പിക്കാൻ ഒട്ടേറെ പ്രമുഖരും നാട്ടുകാരും എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ തോമസ് ഐസക്, കടന്നപ്പള്ളി രാമചന്ദ്രൻ,ജി സുധാകരൻ,എ.എം ആരിഫ് എം.പി എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് കുടുംബ വീടിനോട് ചേർന്ന ചേന്നംകരി സെന്‍റ് പോൾസ് മർത്തോമ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ.
അർബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു. ഗതാഗതമന്ത്രിയായാണ് പിണറായി മന്ത്രിസഭയിൽ പ്രവർത്തിച്ചത്. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ് ചാണ്ടി 2006 മുതൽ മൂന്ന് തവണയാണ് കുട്ടനാട്ടിൽ നിന്ന് എം.എൽ.എയായത്. അർബുദബാധയെ തുടർന്ന് ഏറെ വർഷങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം.