pravasi

മലയാളികളെ സംബന്ധിച്ച് പ്രവാസി എന്നാൽ ഗൾഫുകാരനാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങളിൽ നല്ലൊരു പങ്കും പ്രവാസിക്കും, അവർ നാട്ടിലേക്ക് അയക്കുന്ന പണത്തിനും അർഹതപ്പെട്ടതാണ്. എന്നാൽ പ്രവാസ ജീവിതം അതിന്റെ കറുത്ത ദിനങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന സത്യം നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. നിതാഖത്ത് അടക്കമുള്ള സ്വദേശവത്കരണ നടപടികളിലൂടെ ഗൾഫ് രാജ്യങ്ങൾ മുന്നേറുമ്പോൾ മലയാളിയുടെ പ്രവാസ ജീവിതത്തിന് മേൽ അസ്തമയ സൂര്യന്റെ നിഴൽ വീഴുകയാണെന്ന സത്യം മനസിലാക്കേണ്ടിയിരിക്കുന്നു. എന്നാൽ ഈ തിരിച്ചറിവ് പ്രവാസിയേക്കാളും വേണ്ടത് നാട്ടിലുള്ള അവന്റെ പ്രിയപ്പെട്ടവർക്കാണ്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും വീടെന്ന ചിന്തയും, വീട്ടുചിലവെന്ന ഭാരവുമാണ് പ്രവാസികളെ ഗൾഫിൽ തുടരാൻ പ്രേരിപ്പിക്കുന്നത്.

പ്രവാസ ജീവിതം അസ്തമിക്കുന്നു എന്ന സൂചന നൽകി നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങുന്നത്. നിർമ്മാണ മേഖലയിലടക്കം മാന്ദ്യത പ്രകടമായതിനാൽ വരു വർഷങ്ങളിൽ കൂടുതൽ പേർ തിരികെ എത്തേണ്ട അവസ്ഥയാണുള്ളത്. ഇതുകൂടാതെ സൂപ്പർമാർക്കറ്റുകളിലടക്കം സ്വദേശികളെ ജോലിക്കെടുക്കണമെന്ന നിയമങ്ങൾ പാസാക്കുന്നതും, വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസുൾപ്പടെ എടുക്കാനാവുന്ന പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയതുമെല്ലാം ഫലത്തിൽ പ്രവാസികളുടെ ജോലി സാദ്ധ്യതയാണ് കുറയ്ക്കുന്നത്. ഈ അവസരത്തിൽ നാട്ടിലേക്ക് പ്രവാസി അയക്കുന്ന തുക ചെലവഴിക്കുന്നതിൽ കണക്കുവച്ചാൽ പ്രവാസ ജീവിതം അവസാനിച്ച് നാട്ടിലെത്തുമ്പോൾ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുവാനാവും. ഇതിനായി പ്രവാസി കുടുംബങ്ങൾ ഇന്നേ തയ്യാറെടുക്കേണ്ടതുണ്ട്.

കുടുംബ ബഡ്ജറ്റ് അത്യാവശ്യം

പ്രവാസികളുടെ പണം ചെലവഴിക്കുന്നതിൽ ധാരാളിത്തം ഒരിക്കലും കുടുംബം കാട്ടരുത്. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ ഒരു കടയിൽ നിന്നും സ്ഥിരമായി വാങ്ങി, പണം ലഭിക്കുമ്പോൾ ഒന്നിച്ചു നൽകുന്ന രീതിയാണ് മിക്ക പ്രവാസ കുടുംബങ്ങളും ശീലിച്ചു പോരുന്നത്. എന്നാൽ ഇത് പാഴ്‌ചെലവിന് കാരണമായേക്കാം. ആവശ്യമുള്ളതിനൊപ്പം അധികം സാധനങ്ങൾ വാങ്ങുന്ന ശീലം ഇതുകൊണ്ട് ഉണ്ടാവും. പാഴ്‌ചെലവ് കുറയ്ക്കുന്നതിനായി അപ്പപ്പോൾ പണം നൽകി ആവശ്യമുള്ള സാധനങ്ങൾ മാത്രം കുറഞ്ഞ രൂപയ്ക്ക് ലഭിക്കുന്ന ഷോപ്പുകളിൽ നിന്നും വാങ്ങുന്ന രീതി സ്വീകരിക്കണം.

ചികിത്സാ ചിലവ്
സർക്കാർ നൽകുന്ന ഹെൽത്ത് കാർഡുകൾ സ്വന്തമായിട്ടുണ്ടെങ്കിലും സ്വകാര്യ ആശുപത്രികളെയാണ് പലരും ആശ്രയിക്കാറുള്ളത്. എന്നാൽ നമ്മുടെ സർക്കാർ ആശുപത്രികൾ ഇന്ന് വളരെയേറെ ആധുനികവത്കരിക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികളോട് മത്സരിക്കുന്ന സൗകര്യങ്ങളാണ് ഇന്ന് നാട്ടിൻ പുറത്തുപോലുമുള്ള സർക്കാർ ഡിസ്‌പെൻസറികൾക്കുള്ളത്. ചികിത്സ ചിലവ് കുറയ്ക്കുന്നതിനായി ഹെൽത്ത് ഇൻഷുറൻസിൽ ചേരുന്നതും നല്ലതാണ്. പെട്ടെന്നൊരു ആവശ്യം വരുമ്പോൾ പണചെലവില്ലാതെ മികച്ച ആരോഗ്യ സംരക്ഷണം ഹെൽത്ത് കാർഡുകൾ ഉറപ്പുതരുന്നുണ്ട്.

വിദ്യാഭ്യാസം
പൊതു വിദ്യാലയങ്ങളെ ഒഴിവാക്കി സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ മക്കളെ ചേർക്കുന്നത് സ്റ്റാറ്റസിന്റെ ഭാഗമായി കരുതുന്നവർ ഏറെയാണ്. എന്നാൽ ഇന്ന് നമ്മുടെ സർക്കാർ സ്‌കൂളുകളിലും ഇംഗ്ലീഷ് മീഡിയത്തിൽ പഠനം നടത്തുന്നുണ്ടെന്ന് മാത്രമല്ല, സ്വകാര്യ സ്‌കൂളുകളിലേതിനേക്കാൾ വിദ്യാഭ്യാസ യോഗ്യതയും പരിചയവുമുള്ള അദ്ധ്യാപകർ സർക്കാർ സ്‌കൂളുകളിലാണെന്ന വസ്തുതയും കാണാതെ പോകരുത്. വിദ്യാഭ്യാസത്തിന് അനാവശ്യമായി വൻ തുക ചെലവഴിക്കുന്നതിൽ പ്രവാസി കുടുംബങ്ങൾ മുന്നിലാണ്.

വാടക വാഹനങ്ങൾക്ക് ബൈ പറയാം
ഗൃഹനാഥൻ വിദേശത്തുള്ള മിക്ക കുടുംബങ്ങളും ചെറുയാത്രകൾക്ക് പോലും വാടക വാഹനങ്ങളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ സ്വന്തമായി വാഹനം ഓടിക്കുവാനുള്ള കഴിവ് സ്വായത്തമാക്കിയാൽ ഈ അധിക ചെലവ് കുറയ്ക്കാനാവും. വാടക കാറുകൾ വിട്ട് പൊതു ഗതാഗത സംവിധാനങ്ങളും ഉപയോഗിച്ച് ചെലവ് കുറയ്ക്കാനാവും.

സത്കാരങ്ങളും ദാനശീലവും കുറയ്ക്കുക

നാട്ടിലെ പ്രധാന പരിപാടികൾക്ക് പ്രവാസിയുടെ വീട്ടിൽ നിന്നും കനത്ത സംഭാവന പിരിക്കുന്ന രീതി മിക്കയിടത്തും ഉണ്ട്.
പേരിനും പെരുമയ്ക്കും വേണ്ടി വൻ തുക നൽകുന്നവരും നിരവധിയാണ്. അന്യ നാട്ടിൽ കഷ്ടപ്പെട്ടുണ്ടാക്കുന്ന തുക ഇത്തരത്തിൽ നൽകുമ്പോഴും രണ്ടാമതൊന്നു കൂടി ആലോചിക്കുന്നത് നന്നാവും.