തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച സിനിമാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി സംവിധായകൻ കമൽ രംഗത്തെത്തി. ഞങ്ങളുടെയൊക്കെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോയെന്നും രാജ്യസ്‌നേഹം അളക്കാനുള്ള മീറ്ററുമായിട്ടാണോ കുമ്മനം രാജശേഖരന്‍ നടക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു കമല്‍ പ്രതികരിച്ചത്.
"അങ്ങനെ അങ്ങ് ഭീഷണിപ്പെടുത്താനൊന്നും നോക്കണ്ട. ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ല. ഞങ്ങൾ ഈ നാട്ടിലെ പൗരൻമാരാണ് സാറെ , സിനിമാക്കാരെന്താ വേറെ രാജ്യത്ത് നിന്ന് വന്നതാണോ. സിനിമാക്കാരുടെ രാജ്യ സ്നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോ. ഇന്ത്യ മുഴുവൻ പ്രതിഷേധിക്കുകയാണ്. കുറെ നാളായി തുടങ്ങിയിട്ട് പാകിസ്ഥാനിലേക്ക് പോകൂ എന്നൊക്കെ പറഞ്ഞ്. കുമ്മനം രാജശേഖരനെ പോലുള്ളവര്‍ ഇത്തരം കാര്യങ്ങൾ മറ്റേതെങ്കിലും വേദിയിൽ പോയി പറഞ്ഞാൽ മതിയെന്നും കമൽ പറഞ്ഞു.
സിനിമാക്കാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടേയും ദേശസ്‌നേഹം കാപട്യമാണെന്നും അവര്‍ക്ക് ഈ നാടിനോടുള്ള കൂറ് എന്ന് പറയുന്നത് വെറും അഭിനയം മാത്രമാണെന്നുമായിരുന്നു കുമ്മനത്തിന്റെ പ്രസ്താവന. "നിങ്ങള്‍ സിനിമയിലൊക്കെ അഭിനയിക്കും. ഇപ്പോള്‍ കുറേ ആളുകള്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഇന്നലെ എറണാകുളത്ത് പ്രകടനം നടത്തിയ വലിയ വലിയ സാംസ്‌ക്കാരിക നായകന്‍മാരും കലാകാരന്‍മാരും ഒക്കെയുണ്ട്. നിങ്ങള്‍ക്ക് ആരോടാണ് പ്രതിബദ്ധത? നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. നിങ്ങള്‍ ഈ നാട്ടില്‍ അഴിച്ചുവിടുന്ന പച്ചക്കള്ളം മൂലം നാട്ടിലുണ്ടാക്കുന്ന ദുരിതവും ദുരന്തവും മനസിലാക്കുന്നില്ലേ? അതുകൊണ്ട് വസ്തുനിഷ്ഠപരമായ സമീപനമാണ് ആവശ്യം. ”- എന്നായിരുന്നു കുമ്മനം പറഞ്ഞത്.