sabarimala
sabarimala

ശബരിമല: സൂര്യഗ്രഹണമായതിനാൽ നാളെ സന്നിധാനത്ത് നാല് മണിക്കൂർ നട അടച്ചിടും. പുലർച്ചെ മൂന്നിന് തുറക്കുന്ന നട 7.30 മുതൽ 11.30 കഴിഞ്ഞേ തുറക്കൂ.

രാവിലെ 8.06 മുതൽ 11.13 വരെയാണ് സൂര്യഗ്രഹണം. ഗ്രഹണം കഴിഞ്ഞ് പുണ്യാഹവും കലശാഭിഷേകവും ഇതിനുശേഷം ഒരുമണിക്കൂർ നെയ്യഭിഷേകം ഉണ്ടായിരിക്കും. കളഭാഭിഷേകത്തിനു ശേഷം ഉച്ചപൂജ. അതുകഴിഞ്ഞ് നട അടയ്ക്കും. പിന്നീട് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്.

തങ്ക അങ്കി സ്വീകരിക്കാൻ നിയോഗിക്കപ്പെട്ടവർ 5.30ന് നടയിലെത്തി പ്രത്യേക ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിക്കും. തങ്ക അങ്കി ഘോഷയാത്രയ്ക്ക് ആറിന് ശരംകുത്തിയിൽ സ്വീകരണം നൽകും. തുടർന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25ന് പതിനെട്ടാം പടി കയറി കൊണ്ടുവരുന്ന തങ്ക അങ്കിപ്പെട്ടി ക്ഷേത്രതന്ത്രിയും മേൽശാന്തിയും ചേർന്ന് ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയ്ക്ക് ഭക്തർക്ക് ദർശനം നടത്താം. രാത്രി 9.30 ന് അത്താഴപൂജ. 10.50ന് ഹരിവരാസനം പാടി 11ന് നട അടയ്ക്കും. മാളികപ്പുറം, പമ്പ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതൽ 11.30 വരെ നട അടച്ചിടും.

മണ്ഡലപൂജ 27ന്

നാൽപ്പത്തൊന്ന് ദിവസത്തെ മണ്ഡല ഉത്സവത്തിന് സമാപനം കുറിച്ച് 27ന് മണ്ഡലപൂജ നടക്കും. രാവിലെ 10നും 11.40നും ഇടയ്ക്കുള്ള കുംഭം രാശിയിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. ഉച്ചക്ക് ഒന്നിന് നട അടയ്ക്കും. അന്ന് വൈകിട്ട് നാലിന് നട വീണ്ടും തുറക്കും. 6.30ന് ദീപാരാധന. രാത്രി 9.50 ന് നട അടയ്ക്കും.
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 2020 ജനുവരി 15 നാണ് മകരവിളക്ക്. ജനുവരി 16 മുതൽ 19 വരെ പടിപൂജ, എഴുന്നള്ളത്ത് എന്നിവ ഉണ്ടാകും. 19 ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. 19 ന് രാത്രിവരെ മാത്രമേ അയ്യപ്പഭക്തർക്ക് ദർശനം അനുവദിക്കു. 20ന് രാവിലെ പന്തളം കൊട്ടാരം പ്രതിനിധി അയ്യപ്പനെ ദർശിച്ചു കഴിഞ്ഞാൽ ശ്രീകോവിൽ നട അടച്ച് മേൽശാന്തിയും രാജപ്രതിനിധിയും പതിനെട്ടാംപടി ഇറങ്ങും. ഇരുവരും പടിക്ക് താഴെ എത്തിയാൽ പിന്നെ താക്കോൽ കൈമാറ്റ ചടങ്ങും പണക്കിഴി നൽകലും നടക്കും. പന്തളം രാജാവിൽ നിന്ന് താക്കോൽ തിരികെ മേൽശാന്തി കൈപ്പറ്റി സന്നിധാനത്തേക്ക് പോകുന്നതോടെ മകരവിളക്ക് ഉത്സവത്തിന് കൊടിയിറങ്ങും.