ajith-pawar

ന്യൂഡൽഹി: എൻ.സി.പി നേതാവ് അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രി പദത്തിലേക്കെന്ന് സൂചന. ശിവസേന – എൻ.സി.പി– കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഘാടി സർക്കാരിന്റെ മന്ത്രിസഭാ വികസനം 30ന് നടക്കുമെന്നും അജിത് പവാറിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ എൻ.സി.പി ശിവസേനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറും തിങ്കളാഴ്ച നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയായെന്ന് പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ‌ശരദ് പവാർ കഴിഞ്ഞാൽ എൻ.സി.പിയിൽ ഏറ്റവും സ്വാധീനമുള്ള നേതാവാണ് അജിത്. അതുകൊണ്ട് തന്നെ അജിത്തിനെ കൂടെനിറുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം എന്നാണ് കരുതപ്പെടുന്നത്. പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണവും അജിത്തിനുണ്ട്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ഒരാളായ അജിത്തിനെ നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ബലക്ഷയം എൻ.സി.പിക്ക് അറിയാം. എന്നാൽ, അജിത്തിന് പ്രധാന പദവികൾ നൽകുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ലെന്നും വിവരമുണ്ട്.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ നാടകീയ സംഭവങ്ങൾക്ക് ആക്കം കൂട്ടി എൻ.സി.പിയിൽ വിമത നീക്കം നടത്തി ബി.ജെ.പിക്കൊപ്പം ചേർന്ന അജിത് പവാർ, ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫ‍ഡ്നാവിസിനൊപ്പം നവംബർ 23ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏവരേയും ഞെട്ടിച്ചിരുന്നു. ഉപമുഖ്യമന്ത്രി പദവിയിൽ കഷ്ടിച്ച് 80 മണിക്കൂർ മാത്രം നീണ്ട കാലയളവിനുള്ളിൽ ജലസേചന പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ അജിത്തിനെ കുറ്റവിമുക്തനാക്കിയിരുന്നു എന്നാൽ,​ പരസ്യവോട്ടിലൂടെ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് ശേഷം അജിത് പവാറും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവച്ചു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അജിത്തിനെ നിയമസഭാകക്ഷി നേതാവ് സ്ഥാനത്തുനിന്നു എൻ.സി.പി നീക്കിയിരുന്നു. എന്നാൽ ഉദ്ധവ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ അജിത് എൻ.സി.പിയിലേക്ക് തിരിച്ചെത്തി. കൃത്യം ഒരു മാസം പിന്നിടുമ്പോൾ അന്ന് കൈമോശം വന്ന അതേ സ്ഥാനത്തേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് അജിത് പവാർ. ഇതോടെ,​ കേവലം 38 ദിവസത്തിനുള്ളിൽ രണ്ട് സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയാകുന്ന വ്യക്തിയായി അജിത് മാറും.