കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ കരിങ്കൊടി കാട്ടിയ ആറ് എസ്.എഫ്.ഐ പ്രവർത്തകരെ കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ടൗൺ ഹാളിൽ നെഹ്റു യുവക് കേന്ദ്ര ജില്ലാ യുവജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു നെഹ്റു യുവക് കേന്ദ്രയുടെ മുൻ ദേശീയ വൈസ് ചെയർമാൻ കൂടിയായ മുരളീധരൻ.
കേന്ദ്ര സർക്കാറിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ടൗൺഹാളിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ടൗൺഹാളിനകത്ത് കയറിയ എസ്.എഫ്.ഐ പ്രവർത്തകർ കേന്ദ്ര മന്ത്രി വേദിയിലെത്തി ചടങ്ങ് ആരംഭിക്കും മുമ്പ് കരിങ്കൊടി കാണിക്കുകയായിരുന്നു. ഉടൻ തന്നെ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. യാതൊരു ഭാവഭേദവും കൂടാതെ കേന്ദ്രമന്ത്രി ചടങ്ങിൽ പങ്കെടുത്തു. .