caa

കൊൽക്കത്ത: പൗരത്വ നിയമത്തിനെതിരെ ബി.ജെ.പിക്കുള്ളിൽ നിന്ന് തന്നെ വീണ്ടും വിമർശന സ്വരം ഉയരുന്നു. പശ്ചിമ ബംഗാൾ ബി.ജെ.പി ഉപാദ്ധ്യക്ഷനും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ കൊച്ചുമകനുമായ ചന്ദ്രകുമാർ ബോസ് ആണ് നിയമത്തിനെതിരെ ട്വിറ്ററിൽ പരാമർശിച്ചത്. ഏതെങ്കിലും ഒരു മതത്തിനെ ഉദ്ദേശിച്ചല്ല പൗരത്വ നിയമ ഭേദഗതിയെങ്കിൽ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ എന്നീ മതങ്ങളെ മാത്രം നിയമത്തിൽ പരാമർശിച്ചതും മുസ്ലിങ്ങളെ ഒഴിവാക്കിയതും എന്തുകൊണ്ടാണ്?. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണം - ചന്ദ്രകുമാർ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമത്തെ പിന്തുണച്ച് കൊൽക്കത്തയിൽ ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയുടെ നേതൃത്വത്തിൽ ബി.ജെ.പി റാലി സംഘടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ചന്ദ്രകുമാറിന്റെ വിയോജനക്കുറിപ്പ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ബീഹാറും ഗോവയും നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.