case

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ച മഹാറാലിയിൽ പങ്കെടുത്ത എം.കെ.സ്റ്റാലിൻ അടക്കം 8000 പേർക്കെതിരെ കേസെടുത്തു. പൊലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസ്. മുതിർന്ന നേതാക്കളായ പി.ചിദംബരം, കെ.കനിമൊഴി, വൈകോ, ദയാനിധി മാരൻ തുടങ്ങി നിരവധി എം.എൽ.എമാർക്കെതിരെയും എം.പിമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം, പൗരത്വ നിയമം തമിഴ്‍നാട്ടിൽ നടപ്പാക്കില്ലെന്ന് മന്ത്രി നീലോഫർ കഫീൽ. നിയമത്തിനെതിരെ തമിഴ്‍നാട്ടിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച അണ്ണാ ഡി.എം.കെയിൽ തന്നെ ഭിന്നത ഉടലെടുത്തിരിക്കുന്നത്. പൗരത്വ നിയമം നടപ്പാക്കുന്നത് ഉചിതമാകില്ല, മുസ്ലിങ്ങൾ ഭീതിയോടെയാണ് കഴിയുന്നത് എന്നായിരുന്നു അണ്ണാ ഡി.എം.കെ മന്ത്രി നീലോഫർ കഫീലിന്റെ പ്രതികരണം. ഭേദഗതി നടപ്പാക്കില്ലെന്ന മറ്റു സംസ്ഥാനങ്ങളുടെ നിലപാട് സർക്കാർ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.

സോണിയയ്ക്കും പ്രിയങ്കയ്ക്കും എതിരെ കേസ്

പൗരത്വ നിയമത്തിനെതിരെ പ്രകോപനപരമായ രീതിയിൽ പ്രസംഗം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, അസദുദ്ദീൻ ഒവൈസി, പത്രപ്രവർത്തകനായ രാവീഷ് കുമാർ എന്നിവർക്കെതിരെ അലിഗ‌ഡ് കോടതിയിൽ കേസ്. അഭിഭാഷകനായ പ്രദീപ് ഗുപ്തയാണ് കേസ് നൽകിയത്. ജനുവരി 24ന് കോടതി ഇത് സംബന്ധിച്ച വാദം കേൾക്കും.