തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ നിയമത്തെ ന്യായീകരിക്കുകയെന്ന ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റിയ കേരള ഗവർണറെ അവഹേളിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നീക്കം ഫാസിസമാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. രാജ്യത്ത് മുഴുവൻ അക്രമം അഴിച്ചുവിട്ടപ്പോൾ അതിനെതിരെ പ്രതികരിക്കാത്ത സാംസ്കാരിക -സിനിമാ നായകർ ഇപ്പോൾ എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നും കുമ്മനം പറഞ്ഞു. പൗരത്വ നിയമം - എന്താണ് സത്യം എന്ന പേരിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ.എം.അബ്ദുൾ സലാം, പ്രമുഖ അഭിഭാഷകൻ അജകുമാർ എന്നിവർ സംസാരിച്ചു. ബി.ജെ.പി സംസ്ഥാന നേതാക്കളായ ഡോ.പി.പി.വാവ, കെ.എ.ബാഹുലേയൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു.ബി.നായർ, പാപ്പനംകോട് സജി, മേഖലാ സെക്രട്ടറി ചെമ്പഴന്തി ഉദയൻ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറിമാരായ എം.ബാലമുരളി സ്വാഗതവും പാങ്ങപ്പാറ രാജീവ് നന്ദിയും പറഞ്ഞു.