ന്യൂഡൽഹി: ദേശീയ ജനസംഖ്യാ പട്ടിക പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് സേനവിഭാഗങ്ങള്‍ക്കുമായി സംയുക്ത മേധാവിയെ നിയമിക്കാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. റയില്‍വേ ബോര്‍ഡ് ഉടച്ചുവാര്‍ക്കാനും തീരുമാനമായി. എന്‍.പി.ആറിനും സെന്‍സസിനുമായി സര്‍ക്കാര്‍ 13,000 കോടി രൂപ അനുവദിച്ചതായി പ്രകാശ് ജാവദേക്കര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സെന്‍സസിനായി 8,754 കോടി രൂപയും എന്‍.പി.ആറിന് 3941 കോടി രൂപയുമാണ് അനുവദിച്ചത്. എന്‍.പി.ആറിനായി രേഖകള്‍ ഒന്നും തന്നെ സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
ബയോമെട്രിക് വിവരങ്ങളോ, തിരിച്ചറിയല്‍ രേഖകളോ, തെളിവുകളോ നല്‍കേണ്ടതില്ല. ആധാര്‍ വിവരങ്ങള്‍ താല്‍പര്യമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയാകും. മൊബൈല്‍ ആപ്പ് വഴിയും വിവരങ്ങള്‍ നല്‍കാം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാകും വിവര ശേഖരണം. എന്‍.പി.ആറിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി സംശയാസ്പദമായ പൗരത്വമുള്ളവരുടെ പട്ടിക തയ്യാറാക്കില്ല.
രാജ്യത്തെ 'സാധാരണ താമസക്കാരുടെ' പട്ടികയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍). കഴിഞ്ഞ ആറ് മാസമോ അതില്‍ കൂടുതലോ ഒരു പ്രദേശത്ത് താമസിച്ച വ്യക്തി അല്ലെങ്കില്‍ അടുത്ത ആറുമാസമോ അതില്‍ കൂടുതലോ ആ പ്രദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെയാണ് എന്‍പിആറില്‍ 'സാധാരണ താമസക്കാരന്‍' എന്ന് നിര്‍വചിക്കുക.