sivagiri
sivagiri

ശിവഗിരി: 87-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തീർത്ഥാടന നഗറിൽ ഉയർത്തുന്നതിനുളള പതാക ഗുരുദേവൻ തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ ഡിസംബർ 29 ന് വൈകിട്ട് 5 മണിക്ക് മഹാസമാധി സന്നിധിയിൽ എത്തിച്ചേരും. 30ന് രാവിലെ 7.30ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും.

സമ്മേളന വേദിയിൽ ജ്വലിപ്പിക്കുന്നതിനുളള ദിവ്യജ്യോതി കണ്ണൂർ സുന്ദരേശ്വരക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26ന് രാവിലെ 7 ന് പ്രയാണം ആരംഭിച്ച് 29ന് വൈകിട്ട് 5 ന് ശിവഗിരിയിൽ എത്തിച്ചേരും. ധർമ്മപതാക ഉയർത്തുന്നതിനുളള കൊടിക്കയർ കളവങ്കോടം ശ്രീശക്തീശ്വര ക്ഷേത്രത്തിൽ നിന്നു ചേർത്തല മഹാസമാധി ദിനാചരണ കമ്മിറ്രിയുടെ നേതൃത്വത്തിൽ പദയാത്രയായി ശിവഗിരിയിലേക്ക് പ്രയാണം ആരംഭിച്ചു. 29ന് വൈകിട്ട് ശിവഗിരി മഠത്തിൽ എത്തിച്ചേരും. സമ്മേളനവേദിയിൽ സ്ഥാപിക്കുന്ന ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം എഴുന്നളളിച്ചു കൊണ്ടുളള രഥയാത്ര മഹാകവി മൂലൂരിന്റെ വസതിയായ ഇലവുംതിട്ട കേരളവർമ്മ സൗധത്തിൽ നിന്നു 28ന് ആരംഭിക്കും. 29ന് മഹാസമാധിയിൽ എത്തിച്ചേരും. തീർത്ഥാടന ദിവസങ്ങളിൽ മഹാസമാധിയിലെ ഗുരുദേവ വിഗ്രഹത്തിൽ ചാർത്തുന്നതിനുളള വസ്ത്രം ശ്രീലങ്കയിൽ നിന്നും ശ്രീനാരായണ ഗുരുദേവ സൊസൈറ്റി ഒഫ് ശ്രീലങ്കയുടെ ആഭിമുഖ്യത്തിൽ ടി.എസ്.പ്രകാശിന്റെയും ദേശബന്ധു ജയകുമാറിന്റെയും നേതൃത്വത്തിലാണ് കൊണ്ടുവരുന്നത്. തീർത്ഥാടന ഘോഷയാത്രയിലേക്കുളള പതാകകൾ സേവനം യു.എ.ഇ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹ്റിൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്രി ബഹ്റിൻ, കുവൈറ്റ് സാരഥി, യു.എ.ഇയിലെ ഗുരുധർമ്മ പ്രചാരണസഭ എന്നിവയുടെ നേതൃത്വത്തിൽ കൊണ്ടുവരും.

ശിവഗിരിയിൽ ഗ്രീൻ

പ്രോട്ടോക്കോൾ

തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിൽ ഗ്രീൻ പ്രോട്ടോക്കോൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിത്വ മിഷന്റെയും വർക്കല നഗരസഭയുടെയും നേതൃത്വത്തിലാണ് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നത്. ശിവഗിരിയും പരിസരവും തീർത്ഥാടന ദിവസങ്ങളിൽ മലിനമാകാതെ നോക്കേണ്ടതും പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കേണ്ടതും തീർത്ഥാടകരുടെ കർത്തവ്യമാണെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.