മുംബയ്: മതവും രാഷ്ട്രീയവും കൂട്ടികുഴച്ചുകൊണ്ട് ഇത്രയും ബി.ജെ.പിയോടൊപ്പം നിന്നത് തെറ്റായിരുന്നുവെന്ന് തനിക്ക് ഇപ്പോൾ ബോധപ്പെട്ടുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയുടെ പ്രത്യയശാസ്ത്രം അവഗണിച്ചുകൊണ്ട് കോൺഗ്രസിന്റെയും എൻ.സി.പിയുടെയും ഒപ്പം ഉദ്ധവ് ചേരാൻ തീരുമാനിച്ചതിനെ വിമർശിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. കഴിഞ്ഞയാഴ്ച മഹാരാഷ്ട നിയമസഭയിൽ വച്ചാണ് അദ്ദേഹം ഈ നിർണായക പ്രസ്താവന നടത്തിയത്. പരമ്പരാഗതമായി ഹിന്ദുത്വ രാഷ്ട്രീയത്തോട് അനുകൂലമായ പ്രത്യയശാസ്ത്രം വെച്ചുപുലർത്തുന്ന പാർട്ടിയാണ് ശിവസേന.
മുൻകാലങ്ങളിൽ മത ബാനർജിയുമായും, രാം വിലാസ് പാസ്വാനുമായും പി.ഡി.പിയുമായും സഖ്യം ചേർന്നവരാണ് ബി.ജെ.പിയെന്നും അന്നവർ സ്വന്തം പ്രത്യയശാസ്ത്രത്തെ നിരാകരിച്ചിരുന്നുവെന്നും ഉദ്ധവ് താക്കറെ ഓർമിപ്പിച്ചു. ധർമത്തെ പറ്റി വാചകക്കസർത്ത് നടത്തിയിട്ട് കാര്യമില്ലെന്നും അത് പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവസേനയുടെ സർക്കാർ റിക്ഷയിൽ സഞ്ചരിക്കുന്നവർക്കൊപ്പമാണ്. ബുള്ളറ്റ് ട്രെയിനിൽ സഞ്ചരിക്കുന്നവരുടെ കൂടെയല്ല നിലകൊള്ളുന്നത്. ഉദ്ധവ് താക്കറെ പറഞ്ഞു. 28 നവംബറിലാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്. ബി.ജെ.പിയുമായി ഉണ്ടായിരുന്ന 25 വർഷത്തെ സഖ്യം അവസാനിപ്പിച്ചാണ്, ഏറെനാൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ, എൻ.സി.പി, കോൺഗ്രസ്, ശിവസേന സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലേറിയത്.