mamatha

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിന് നേരെ ജാധവ്പൂർ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ കരിങ്കൊടി പ്രതിഷേധം. ഗവർണർ ബിരുദ ദാന ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം. ഗവർണർ പൗരത്വ നിയമ ഭേദഗതിയിൽ അനുകൂല പ്രതികരണം നടത്തിയതിനെതിരെയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. യൂണിവേഴ്‌സിറ്റിയിലെത്തിയ ഗവർണറെ പ്രതിഷേധക്കാർ വളയുകയും ഗോ ബാക്ക് വിളികളുമായി കരിങ്കൊടി കാട്ടുകയുമായിരുന്നു. ഇതിനെ തുടർന്ന്,

ബിരുദദാന ചടങ്ങ് റദ്ദാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. പ്രതിഷേധം നിയന്ത്രിക്കുന്നതിൽ യൂണിവേഴ്‌സിറ്റി അധികാരികൾ പരാജയപ്പെട്ടെന്നും വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ സാധിക്കില്ലെങ്കിൽ വൈസ് ചാൻസിലർ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണം മുഖ്യമന്ത്രി മമത ബാനർജിയാണെന്നും ഗവർണർ കുറ്റപ്പെടുത്തി.

കാ കാ ചീ ചീ മുഴക്കി മമത

ദേശീയ പൗരത്വ നിയമ ഭേദഗതിയെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുഴക്കിയ മുദ്രാവാക്യം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പൗരത്വ നിയമ ഭേദഗതിയുടെ ചുരുക്കരൂപമായ സി.എ.എ യെ 'കാ കാ ചീചി' എന്ന് പരിഹസിച്ചാണ് മമത മുദ്രാവാക്യം മുഴക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി പോരാടുക എന്ന് കൂട്ടിച്ചേർത്താണ് മമത മുദ്രാവാക്യം മുഴക്കുന്നത്. ഇതിനൊപ്പം തന്നെ 'ഷെയിം ബി.ജെ.പി' എന്നും പറയുന്നുണ്ട്. നിയമത്തെ ശക്തമായി എതിർക്കുന്ന മമത രാജ്യത്തെ ജനാധിപത്യം ഭീഷണിയിലാണെന്നും ഇതിനെതിരെ യോജിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മമത കത്തയച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് മമത കത്തിൽ പറയുന്നു.