കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും കൊച്ചിയിൽ നടന്ന പീപ്പിൾസ് ലോങ്ങ് മാർച്ചിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ പരാതിയുമായി യുവമോർച്ച. 14 വയസിൽ താഴെയുള്ള കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ചുവെന്നും പ്രകോപനപരമായ രീതിയിൽ അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സണിനാണ് യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗമായ ബി.ജി വിഷ്ണു പരാതി നൽകിയിരിക്കുന്നത്.
കുട്ടികളെ ഇത്തരമൊരു സമരത്തിൽ പങ്കെടുപ്പിച്ചത് നിയമവിരുദ്ധമായ പ്രവർത്തിയാണെന്നും വിഷ്ണു തന്റെ പരാതിയിൽ ആരോപിക്കുന്നു. കുട്ടികളെ നിയമവിരുദ്ധമായ ആവശ്യങ്ങൾക്ക് പങ്കെടുപ്പിക്കാൻ പാടില്ലെന്നുള്ള ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം പാടെ അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും യുവമോർച്ചാ നേതാവ് തന്റെ പരാതിയിൽ പറയുന്നുണ്ട്.
പ്രധാനമായും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവർക്കെതിരെ ബാലാവകാശ കമ്മീഷൻ നടപടി സ്വീകരിക്കണമെന്നാണ് വിഷ്ണു തന്റെ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ ഒരു മണിയോടെയാണ് പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് മുൻപിൽ നിന്നും 'പീപ്പിൾസ് ലോങ്ങ് മാർച്ച്' ആരംഭിച്ചത്. കൊച്ചിൻ ഷിപ് യാർഡിൽ അവസാനിച്ച മാർച്ചിൽ ചലച്ചിത്ര, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.