
മുംബയ്: ഏഷ്യയിലെ ഏറ്റവും സമ്പന്നനും റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ സ്വത്തിൽ 2019ൽ ഡിസംബർ 23വരെയുണ്ടായ വർദ്ധന 1,700 കോടി ഡോളർ (ഏകദേശം 1.20 ലക്ഷം കോടി രൂപ). മൊത്തം 6,100 കോടി ഡോളറിന്റെ (4.34 ലക്ഷം കോടി രൂപ) ആസ്‌തി അദ്ദേഹത്തിനുണ്ട്.
ഈ വർഷം ഏഷ്യയിൽ തന്നെ ഏറ്റവുമധികം സ്വത്ത് വർദ്ധന കുറിച്ചതും മുകേഷ് അംബാനി എന്ന 62കാരനാണെന്ന് ബ്ളൂംബെർഗിന്റെ ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നു. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകൻ ജാക്ക് മായുടെ സ്വത്തിൽ കൂടിയത് 1,130 കോടി ഡോളറാണ്. ലോകത്തെ ഏറ്രവും സമ്പന്നനായ ജെഫ് ബെസോസിന്റെ (ആമസോൺ സ്ഥാപകൻ) ആസ്‌തിയിൽ ഈ വർഷം 1,320 കോടി ഡോളറിന്റെ നഷ്‌ടമുണ്ടായി എന്ന കൗതുകവുമുണ്ട്.
റിലയൻസ് ഇൻഡസ്‌ട്രീസിൽ മുകേഷിന്റെ ഓഹരികളുടെ മൂല്യം ഈ വർഷം 40 ശതമാനം മുന്നേറിയതാണ് സ്വത്ത് കുതിച്ചുയരാൻ കാരണം. പെട്രോകെമിക്കൽ ബിസിനസിനേക്കാൾ റീട്ടെയിൽ വിഭാഗത്തിലും റിലയൻസ് ജിയോയിലും കൂടുതൽ നിക്ഷേപം നടത്തി വരുമാനവും ലാഭവും കൂട്ടാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് നേട്ടമാകുന്നത്. നിക്ഷേപകർ റിലയൻസ് ഇൻഡസ്‌ട്രീസിൽ പണമൊഴുക്കാൻ മത്സരിക്കുന്നവെന്നാണ് ഓഹരി വിപണി വ്യക്തമാക്കുന്നത്.
2021ഓടെ റിലയൻസിനെ കടരഹിത കമ്പനിയാക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. നിലവിൽ 1.54 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ കടബാദ്ധ്യത.
മുകേഷ് അംബാനി
മൊത്തം ആസ്‌തി : $6,100 കോടി
2019ൽ വർദ്ധന : $1,700 കോടി