തിരുവനന്തപുരം: വെള്ളായണി മുകളൂർമൂല വികസന സമിതി റസിഡന്റ്സ് അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഇന്നും നാളെയുമായി ഡോ.ആർ.എൻ.പിള്ള നഗറിൽ നടക്കും. ഇന്ന് രാവിലെ കലാകായിക മത്സരങ്ങൾ. വൈകിട്ട് 7ന് ടാലന്റ് ഷോ. നാളെ വൈകിട്ട് 3.30ന് പരിസ്ഥിതി സൗഹാർദ്ദ ബോധവത്കരണക്ലാസ് വാവ സുരേഷ് നയിക്കും. 4.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് പി.വിജയൻ നായർ അദ്ധ്യക്ഷനാകും. സുവനീർ പ്രകാശനം മന്ത്രി ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജിന് നൽകി നിർവഹിക്കും. ആദ്യകാലഭാരവാഹികളെ ആദരിക്കൽ ചടങ്ങ് എം.വിൻസെന്റ് എം.എൽ.എ നിർവഹിക്കും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തും. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും മത്സരവിജയികൾക്കുള്ള സമ്മാനദാനം നേമം സി.ഐ ബൈജുവും സീരിയൽ താരം സുചിത്ര നായരും നിർവഹിക്കും. വാർഡ് മെമ്പർ ആർ.ജയലക്ഷ്മി, കവിയും പത്രപ്രവർത്തകനുമായ മഞ്ചു വെള്ളായണി, ആർ.എസ്.ശശികുമാർ, കേണൽ എം.എ. റഷീദ് എന്നിവർ സംസാരിക്കും. സമിതി സെക്രട്ടറി പി. മധുസൂദനൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി.പ്രദീപ് കുമാർ നന്ദിയും പറയും.രാത്രി 8 മുതൽ കലാവിരുന്ന്.