npa

മുംബയ്: കിട്ടാക്കടം കുറച്ച്, ബാങ്കുകളുടെ ബാലൻസ് ഷീറ്ര് മെച്ചപ്പെടുത്താനും പ്രവർത്തന മികവ് മെച്ചപ്പെടുത്താനും സ്വീകരിച്ച നടപടികൾ ഫലം കാണുന്നതായി റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട്. 2017-18ൽ 11.2 ശതമാനമായിരുന്ന മൊത്തം നിഷ്‌ക്രിയ ആസ്‌തി (ആകെ കിട്ടാക്കടം ജി.എൻ.പി.എ) കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) 9.1 ശതമാനമായി താഴ്‌ന്നുവെന്ന് റിപ്പോർട്ടിലുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്‌തി (നെറ്ര് എൻ.പി.എ) ആറു ശതമാനത്തിൽ നിന്ന് 3.7 ശതമാനത്തിലേക്കും കുത്തനെ താഴ്‌ന്നു.

നടപ്പുവർഷം ജൂലായ് - സെപ്‌തംബർ പാദത്തിലെ കണക്കുപ്രകാരവും മൊത്തം നിഷ്‌ക്രിയ ആസ്‌തി 9.1 ശതമാനമാണ്. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി 14.6 ശതമാനത്തിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 11.6 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി എട്ട് ശതമാനത്തിൽ നിന്ന് 4.8 ശതമാനത്തിലേക്കും കുറഞ്ഞു. അതേസമയം, സ്വകാര്യ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി 4.7 ശതമാനമായിരുന്നത് 5.3 ശതമാനമായി ഉയർന്നു. ഐ.ഡി.ബി.ഐ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്‌തി വർദ്ധനയാണ് തിരിച്ചടിയായത്. എന്നാൽ, അറ്റ നിഷ്‌ക്രിയ ആസ്‌തി 2.4 ശതമാനത്തിൽ നിന്ന് രണ്ടു ശതമാനത്തിലേക്ക് കുറഞ്ഞു.

2018-19ൽ 29.4 ശതമാനമാണ് ഐ.ഡി.ബി.ഐ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്‌തി. കഴിഞ്ഞ സാമ്പത്തിക വർഷവും നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലും കാർഷിക മേഖലയിലെ കിട്ടാക്കടം ഉയർന്നുവെന്നും റിസർവ് ബാങ്കിന്റെ റിപ്പോർട്ടിലുണ്ട്.

സമ്പദ്‌മാന്ദ്യം: അടിയന്തര

നടപടിവേണമെന്ന് ഐ.എം.എഫ്

മാന്ദ്യം മറികടക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഫലപ്രദ നടപടികളെടുക്കണമെന്ന് ഐ.എം.എഫ് ആവശ്യപ്പെട്ടു. ആഗോള സമ്പദ്‌വളർച്ചയെ ഇന്ത്യയുടെ മാന്ദ്യം ബാധിക്കുന്നുണ്ട്. ഉപഭോഗവും നിക്ഷേപവും ഇടിയുന്നതും നികുതി വരുമാനക്കുറവും വികസ്വര രാജ്യങ്ങളെ തളർത്തുകയാണെന്ന് ഐ.എം.എഫിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കി.