uddhav-thackeray

നാഗ്പൂർ: മതത്തെ രാഷ്ട്രീയവുമായി ചേർത്ത്​ ബി.ജെ.പിക്കൊപ്പം നിന്നത് ശിവസേനയ്ക്ക് പറ്റിയ തെറ്റായിരുന്നെന്ന് തുറന്നുപറഞ്ഞ്​ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ. എൻ.സി.പിക്കും കോൺഗ്രസിനും ഒപ്പം ചേരുന്നതിന് ശിവസേനയുടെ പ്രത്യയശാസ്ത്രം എന്തെന്ന മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഉദ്ധവിന്റെ പ്രസ്താവന. നിങ്ങൾ (ദേവേന്ദ്ര ഫഡ്‌​നാവിസ്) ജനവിധിയെ കുറിച്ച് സംസാരിക്കുന്നു. പക്ഷെ ഇത് രാഷ്ട്രീയമാണ്. രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴക്കുന്നത് തെറ്റാണ്. ധർമ്മിഷ്ടരും ചൂതുകളിയിൽ തോറ്റുവെന്നത് നമ്മൾ മറന്നുവെന്ന് മഹാഭാരത കഥയെ ഉദ്ധരിച്ചു കൊണ്ട് ഉദ്ദവ് താക്കറെ പറഞ്ഞു. 'രാഷ്ട്രീയമെന്നത് ചൂതുകളിയാണ്. പക്ഷെ അതിനെ അതിന്റേതായ സ്ഥാനത്ത് നിറുത്തണം. എന്നാൽ നമ്മളത് മറന്നു. നമ്മൾ 25 വർഷത്തോളം ഒരുമിച്ച് നിന്നു. ഹിന്ദുത്വയുടെ അടിസ്ഥാനത്തിലായിരുന്നു നമ്മൾ ഒന്നിച്ചു നിന്നത്. ഞങ്ങൾ മതം മാറിയിട്ടില്ല. ഇന്നും ഇന്നലെയും എന്നും ഞങ്ങൾ ഹിന്ദുക്കളാണെന്നും താക്കറെ പറഞ്ഞു.