ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുകയും അത് തന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോളേജ് വിദ്യാർഥിനികൾക്ക് അയച്ചുനൽകുകയും ചെയ്ത വൃദ്ധൻ അറസ്റ്റിൽ. ചെന്നൈ ചൂളൈമേട് സ്വദേശിയും 72 വയസുകാരനായ മോഹൻകുമാർ ആണ് അറസ്റ്റിലായത്. ചെന്നൈ അണ്ണാസാലൈയിലുള്ള തൗസൻഡ് ലൈറ്റ്സ് എന്ന സ്ഥലത്താണ് സംഭവം നടന്നത്. മോഹൻകുമാറിന്റെ ഐപാഡിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വിദ്യാർത്ഥിനികളുടെ മൊബൈൽ ഫോണിലേക്ക് ഇയാൾ അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊടുത്തതിന് പിന്നാലെ അവർ നൽകിയ പരാതിയിന്മേലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. ഡാർജിലിംഗ് സ്വദേശികളാണ് വിദ്യാർത്ഥിനികൾ. കുട്ടികളുടെ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ അത് കാണാനായി മോഹൻകുമാർ ഇവരെ നിർബന്ധിച്ചതായും പെൺകുട്ടികൾ തങ്ങളുടെ പരാതിയിൽ പറയുന്നു.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ തമിഴ് നാട്ടിലാണെന്ന് കാണിച്ച് കേന്ദ്ര സർക്കാർ തമിഴ്‌നാട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇത്തരത്തിലുള്ള ദൃശ്യങ്ങൾ കാണുന്നവരുടെ പട്ടികയും കേന്ദ്ര സർക്കാർ തമിഴ്നാടിന് കൈമാറിയിരുന്നു. ഇങ്ങനെയുള്ള ദൃശ്യങ്ങൾ കാണുന്ന മൂവായിരത്തിധികം ആളുകളുടെ പേരുകളാണ് പട്ടികയിലുള്ളത്.
ഇത്തരത്തിലുള്ളവരെ കണ്ടെത്തുന്നതിനായി തമിഴ്‌നാട് പൊലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും സോഷ്യൽ മീഡിയയിലെ സ്വകാര്യ ഗ്രൂപ്പുകൾ നിരീക്ഷിക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പേരിൽ തിരുച്ചിറപ്പള്ളിയിലെ ക്രിസ്റ്റഫർ എന്നൊരാളെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.