alcohol

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത വർഷത്തോടെ പബ്ബുകൾ പ്രവർത്തനമാരംഭിക്കുമെന്ന് സൂചന. പബ്ബുകൾക്ക് പ്രവർത്തനം നടത്താനുള്ള അനുവാദം നൽകുന്ന മദ്യനയം ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കാനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. പബ്ബുകൾ അനുവദിക്കണം എന്ന നിലപാടിൽ തന്നെയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും. എൽ.ഡി.എഫിലും ഇക്കാര്യത്തിൽ എതിർപ്പുകളില്ല. നേരത്തെ ഉപേക്ഷിക്കപ്പെട്ട മൈക്രോ ബ്രൂവറികളുടെ കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പബ്ബുകളും ബ്രൂവറികളും തുടങ്ങണം എന്ന് ഐ.ടി മേഖലകളിൽനിന്ന് തന്നെ മുഖ്യമന്ത്രിക്ക് നിവേദനം ലഭിച്ചിരുന്നു.

വിനോദ സഞ്ചാര മേഖലകളിലും ഐ.ടി കമ്പനികൾ പ്രവർത്തിക്കുന്ന മേഖലകളിലും പബ്ബുകളും ബ്രൂവറികളും കൊണ്ടുവരുന്നതിൽ എതിർപ്പുണ്ടാകില്ലെന്നും സർക്കാർ കരുതുന്നുണ്ട്. എക്‌സൈസ് സെക്രട്ടറിയായിരുന്ന ആശ തോമസ് മൈക്രോ ബ്രൂവറി വിഷയത്തില്‍ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇവിടങ്ങളിൽ കൂടുതൽ വികസനവും വിനോദാന്തരീക്ഷവും കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്.

പുതിയ മദ്യനയത്തിൽ കള്ളുഷാപ്പുകൾ വിൽപ്പനയ്ക്ക് വയ്ക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ അനുവദിച്ചിരിക്കുന്നത് 5171 കള്ള് ഷാപ്പുകളാണ്. ഇക്കൂട്ടത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 4247 ഷാപ്പുകളാണ്. കഴിഞ്ഞ മൂന്ന് വർഷമായി കള്ള് ഷാപ്പുകൾ വിൽപ്പനയും നടത്തിയിട്ടില്ല. നിലവിൽ ലൈസൻസ് ഉള്ളവർക്ക് പുതുക്കി നൽകുകയാണ് ചെയ്യുന്നത്. കേരള സർക്കാർ ആദ്യ മദ്യനയം പുറത്തിറക്കിയത് 2017 ജൂൺ ഒൻപതിനാണ്. യു.ഡി.എഫിന്റെ മദ്യനയം തള്ളിയ ശേഷം എൽ.ഡി.എഫ് ത്രീ സ്റ്റാർ മുതൽ മുകളിലേക്ക് ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാൻ തീരുമാനിച്ചിരുന്നു.