തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ഉണ്ണിയേശു പിറന്നനാൾ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു. സുവിശേഷ വായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങി.
വത്തിക്കാനിൽ മാർപാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗവും വിശുദ്ധ കുർബാനയും നടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനിൽ ഇത്തവണ ഒരുക്കിയത്. ബെത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ദേവാലയങ്ങളില്‍ പ്രത്യേകം പ്രാര്‍ഥനകള്‍ നടന്നു. ദൈവസ്നേഹം സ്വീകരിക്കുന്നതിന് സഭയുടെ പരാജയങ്ങള്‍ തടസമാകരുതെന്ന് മാർപ്പാപ്പ വ്യക്തമാക്കി. മതങ്ങളുടെ പേരിൽ ഭിന്നിപ്പിക്കുന്നവർ ലോകത്തെ മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലുമുണ്ടെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ക്രിസ്മസ് ദിന സന്ദേശത്തിൽ പറഞ്ഞു.
കേരളത്തിലെ ദേവാലയങ്ങളിലും രാത്രിയില്‍ ക്രിസ്മസ് ശുശ്രൂഷകളും പാതിരാ കുര്‍ബാനയും നടന്നു. തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് പള്ലിയിലും ചടങ്ങുകൾ നടന്നു. യാക്കോബായ സുറിയാനി സഭയുടെ കൊച്ചി എളംകുളം സെന്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ നടന്ന ക്രിസ്തുമസ് ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മുഖ്യ കാർമികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക ബാവയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന ചടങ്ങുകൾ.