തിരുവനന്തപുരം: ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ്.പി ദീപക്കിനെതിരെ നടപടിയെടുത്ത് സി.പി.എം. ദീപക്കിനെ വഞ്ചിയൂർ ഏരിയ കമ്മിറ്റിയിൽ നിന്നും ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിക്കൊണ്ടാണ് സി.പി.എം സംസ്ഥാന കമ്മിറ്റി നടപടിയെടുത്തത്. വഞ്ചിയൂർ ലോക്കൽ സെക്രട്ടറി വിമൽ കുമാറിനെയും പാർട്ടി നീക്കിയിട്ടുണ്ട്. തിരുവനന്തപുരം കൈതമുക്കിൽ കുട്ടികൾ മണ്ണുതിന്നുവെന്ന ദീപക്കിന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ഈ പരാമർശത്തെ തുടർന്ന് ദീപക്കിന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.
കൈതമുക്കിലെ കുട്ടികൾ മണ്ണ് വാരിത്തിനു എന്ന ശിശുക്ഷേമ സമിതിയുടെ വാദം ചൈൽഡ് വെൽഫെയർ കമ്മിറ്റി തള്ളിയിരുന്നു. കുട്ടികൾ പട്ടിണി കിടന്നത് കാരണമല്ല മണ്ണ് തിന്നതെന്നും കളിക്കുന്നതിനിടയിലാണ് അവർ മണ്ണ് വായിലിട്ടതെന്നും കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല കുട്ടികളുടെ അച്ഛൻ അവരെ നിരന്തരം മർദ്ദിച്ചിരുന്നതിനാലാണ് താൻ അവരെ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ തീരുമാനിച്ചതെന്നും കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.
വീട്ടിലെത്തിയ ശിശുക്ഷേമ ഉദ്യോഗസ്ഥർ കുട്ടികൾ മണ്ണ് തിന്നുന്നതായി തെറ്റിദ്ധരിച്ചതാണെന്നും കുട്ടികൾക്ക് ആവശ്യമുള്ള ആഹാരം ലഭിക്കുന്നുണ്ടെന്നും അമ്മ പറഞ്ഞിരുന്നു. ഇവരുടെ മൂത്ത കുട്ടി വിശപ്പടക്കാനാകാതെ മണ്ണ് വാരിത്തിന്നു എന്ന തരത്തിലായിരുന്നു തുടക്കത്തിൽ വാർത്തകൾ പ്രചരിച്ചത്. തുടർന്നാണ് സംഭവം വിവാദത്തിലേക്ക് നീങ്ങിയത്. ഇക്കാര്യത്തിൽ ദീപക് വിശദമായ അന്വേഷണം നടത്തിയില്ലെന്നും ഉദ്യോഗസ്ഥർ എഴുതിനൽകിയത് അതുപോലെ തന്റെ റിപ്പോർട്ടിൽ ചേർക്കുകയായിരുന്നുവെന്നും വിമർശനം വന്നിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് സി.പി.എം നടപടികളിലേക്ക് നീങ്ങിയത്.