തിരുവനന്തപുരം: വീട്ടിലെ അടുക്കളയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട അവതാരകയും മോഡലുമായ ജേജി ജോണിന്റെ (45) തലയ്ക്കു പിന്നിൽ ക്ഷതം സംഭവിച്ചിരുന്നതായി പ്രാഥമിക പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ശരീരത്തിൽ മറ്റു മുറിവുകളില്ല. വീട്ടിനുള്ളിൽ ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അതിനാൽ പെട്ടെന്ന് ബോധരഹിതയായി നിലത്തുവീണതാകാമെന്നും വീഴ്ചയിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാകാം മരണകാരണമെന്നും പൊലീസ് കണക്കുകൂട്ടന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തതവരൂ. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും നിർണായകമാണ്.
‘‘ആർക്കും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം, അതിനാൽ ക്രിസ്മസിനു കഴിയുന്നത്ര കാരുണ്യ പ്രവർത്തനം നടത്തൂ’’ എന്നാണ് ജേജി സോഷ്യൽ മീഡിയയിൽ അവസാനമായി പങ്കുവച്ച കുറിപ്പ്. ചാനലുകളിലും യുട്യൂബിലും പാചക പരിപാടികൾ അവതരിപ്പിച്ചിരുന്ന ജാഗി ഇതു ചിത്രീകരിക്കാൻ സജ്ജമാക്കിയിരുന്ന അടുക്കളയിലാണു മരിച്ചു കിടന്നിരുന്നത്. പാചകത്തിനായി ഉള്ളി അരിഞ്ഞു വച്ചിരുന്നു. രണ്ട് മാസമായി വീട്ടിൽ സഹായികളാരും ഇല്ലായിരുന്നെന്നും പൊലീസ് അറിയിച്ചു. ജാഗിയുടെ മൊബൈൽ ഫോൺ, ഇ-മെയ്‍ലുകൾ, വാട്സാപ് എന്നിവ വിശദമായി പരിശോധിക്കും.
ഇന്നലെ ഉച്ചയോടെ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ജന്മനാടായ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി. പ്രായമായ ജേജിയുടെ അമ്മയെയും ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി. വീട് പൂട്ടി പൊലീസ് സീൽ ചെയ്തു. ജേജിയുടെ കൊച്ചിയിലുള്ള പുരുഷ സുഹൃത്ത് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ബോഡി ബിൽഡറായ ഇദ്ദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ജേജിയുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് വിളിച്ചിട്ട് ഫോൺ എടുത്തില്ല. തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തുള്ള ഇവരുടെ അടുത്ത സുഹൃത്തായ ഡോക്ടറെ വിവരം അറിയിച്ചു. ഡോക്ടർ കുറവൻകോണം ഹിൽഗാർഡനിലെത്തിയപ്പോൾ വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പേരൂർക്കട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ചാണ് പൊലീസ് വീട്ടിൽ പ്രവേശിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയായ ഇവർ വർഷങ്ങളായി കുറവൻകോണത്തെ വീട്ടിലാണ് താമസം. ഏഴു വർഷം മുമ്പ് വിവാഹബന്ധം വേർപെടുത്തിയിരുന്നു.