കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി മുഴക്കിയ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി നടി റിമാ കല്ലിങ്കൽ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. ആര്‍ട്ടിസ്റ്റ് പവിശങ്കര്‍ വരച്ച ഫിലോമിനയുടെ ”ആരെടാ നാറി നീ” എന്ന ചിത്രത്തിനൊപ്പം ”മണ്ടന്മാരെ പ്രശസ്തരാക്കുന്നത് നമുക്ക് നിറുത്താം” എന്ന കുറിപ്പാണ് റിമ ഫേസ്ബുക്കിൽ പങ്കുവച്ചത്.
“നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്ന് പറഞ്ഞ് കണ്ണീരൊഴുക്കരുത്”തെന്നായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത സിനിമാക്കാര്‍ക്ക് സന്ദീപ് വാര്യരുടെ ഭീഷണി. പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത സിനിമാക്കാര്‍ക്ക് നേരെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. "മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക്. പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത്. അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല" എന്നായിരുന്നു സന്ദീപ് വാര്യർ ഭീഷണി മുഴക്കിയത്.