തിരുവനന്തപുരം: കേരളത്തില്‍ വിവാദം കൊണ്ട് പ്രശസ്തനായ നേതാക്കളിൽ ഒരാളാണ് മന്ത്രി എം.എം മണി. ഇടുക്കിക്കാരുടെ സ്വന്തം മണിയാശാൻ. വ്യത്യസ്തമായ പ്രസംഗ ശൈലി കൊണ്ടും താഴെ തട്ടിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി കൊണ്ടും കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവായി അദ്ദേഹം വളർന്നു. ഇന്ന് വൈദ്യുത മന്ത്രി സ്ഥാനം വരെ എം.എം മണിയെത്തിയത് രാഷ്ട്രീയ പരീക്ഷണങ്ങളെ അതിജീവിച്ചാണ്. മലയോര കര്‍ഷകര്‍ മുതല്‍ സാധാരണക്കാര്‍ക്ക് വരെ ഏറ്റവും അടുത്തിടപഴകാവുന്ന നേതാവാണ് മണി. ഇപ്പോഴിതാ മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ വീണ്ടും വിമർശനമുന്നയിച്ചിരിക്കുകയാണ് മന്ത്രി എം.എം മണി. ശ്രീറാം വെങ്കിട്ടരാമൻ കൊള്ളുകേലാത്ത വിഡ്ഡിയാണെന്ന് അന്നേ താൻ പറഞ്ഞിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"അയാൾ അന്നും കൊള്ളില്ലാത്ത മനുഷ്യനാണ്. ഇന്നും അങ്ങനെത്തന്നെയാണ്. അയാൾ ചെയ്തുവച്ചത് എന്ത് നിയമവിരുദ്ധമായ കാര്യങ്ങളാണ്? ഒരാളെയാണ് കൊന്നത്. എന്നിട്ട് ഞാൻ കള്ള് കുടിച്ചില്ല, ഞാനൊന്നും അറിഞ്ഞില്ല, വണ്ടി ഓടിച്ചത് ഞാനല്ല. മറ്റവളാണ് ഓടിച്ചത്. എന്നൊക്കെ പറഞ്ഞ് ആണുങ്ങൾക്ക് പറ്റാത്ത പണിയുംകൊണ്ട് നടക്കുന്ന ആളാണ്. ഇയാൾ കൊള്ളുകേലാത്ത വിഡ്ഡിയാണെന്ന് അന്നേ ഞാൻ പറഞ്ഞിട്ടുള്ളതാ. തെറ്റു പറ്റിയാൽ അതിനെ നേരിടാൻ നുണയും പറഞ്ഞ് കൃതൃമ രേഖയുണ്ടാക്കി.ചരിത്രം മാപ്പ് നൽകില്ല.-അദ്ദേഹം പറയുന്നു.
തനിക്ക് 75 വയസായെങ്കിലും ഇപ്പോഴും 11 വയസിന്റെ ഉശിരാണെന്നും എം.എം മണിയുടെ വാദം.17 മീറ്റിംഗിൽ വരെ ഒരു ദിവസം പ്രസംഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. "75 വയസായെങ്കിലും ഇപ്പോഴും 11 വയസിന്റെ ഉശിരാണ്. തിരഞ്ഞെടുപ്പ് സമയത്ത് പാലായിലും കോന്നിയിലുമൊക്കെ 17 മീറ്റിംഗിൽ വരെ ഒരു ദിവസം പ്രസംഗിച്ചിട്ടുണ്ട്. പ്രസംഗിക്കണമെന്ന് തോന്നിയാൽ പിന്നെ ചെയ്യുക എന്നുള്ളതാണ്. ക്ഷീണമൊന്നും അന്നേരം നോക്കില്ല. അതൊന്നും വലിയ പ്രശ്നമല്ല. തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അതിൽ എനിക്ക് സംതൃപ്തിയും ഉണ്ട്. സാധാരണ ജനങ്ങളോടൊപ്പം എന്നും നിന്നിട്ടുണ്ട്.ഈ പാർട്ടിക്ക് വേണ്ടി ചെയ്യാവുന്ന മുഴുവൻ സേവനവും ചെയ്തിട്ടുണ്ട്. ഒരു സേവനവും നാളത്തേക്കാക്കിയിട്ടില്ല. അപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ അങ്ങനെത്തന്നെ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് പ്രവർത്തിച്ചത്. നമ്മളാൽ കഴിയുന്ന സേവനം പാർട്ടിക്ക് നടത്തി ഇന്നത്തെ നിലയിലേക്കുയർന്നു. പാർട്ടി കെെപിടിച്ചുയർത്തി എന്നുപറയുന്നതാണ് ശരി. എനിക്ക് എന്നും നന്ദിയും കടപ്പാടും പാർട്ടിയോടുണ്ട്"-എം.എം മണി പറഞ്ഞു.