ന്യൂഡൽഹി: ചൈനയിലെ കമ്മ്യൂണിസ്റ്റുകാർക്ക് തോക്കിന്റെ ശക്തി മാത്രമാണ് കൈമുതലായി ഉള്ളതെന്നും എന്നാൽ തങ്ങളുടെ കൈവശം സത്യത്തിന്റെ കരുത്താനുള്ളതെന്നും ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ. വരുംകാലം കണക്കിലെടുക്കുമ്പോൾ സത്യത്തിന്റെ കരുത്ത് തോക്കിന്റെ ശക്തിയേക്കാൾ കൂടുതലാണെന്നും ലാമ അഭിപ്രായപ്പെട്ടു.
തന്റെ ക്രിസ്മസ് സന്ദേശത്തിലായിരുന്നു ലാമ ചൈനീസ് സർക്കാരിനെ കടന്നാക്രമിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമതക്കാർ ഉള്ളത് ചൈനയിലാണെന്നും ശരിയായ ബുദ്ധിസം തങ്ങളുടേതാണെന്ന് ചൈനയിലെ ബുദ്ധമതക്കാർ ഇപ്പോൾ മനസിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളിൽ ഒന്നായ ബിഹാറിലെ ഗയ സന്ദർശിക്കാനെത്തിയതായിരുന്നു ലാമ. ഇവിടെ 14 ദിവസത്തേക്ക് തങ്ങാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്. എട്ടാം നൂറ്റാണ്ടിലെ ബുദ്ധിസ്റ്റ് സന്യാസിയായ ശാന്തിദേവൻ എഴുതിയ 'ബോധിസത്വന്റെ ജീവിതവഴിയിലേക്കുള്ള സൂചിക' എന്ന ഗ്രന്ഥത്തെ പറ്റിയുള്ള ഒരു പ്രഭാഷണവും ഇവിടെ അദ്ദേഹം നടത്തും. ദലൈലാമയുടെ പിന്തുടർച്ചക്കാരനെ ചൊല്ലി ചൈനയും ടിബറ്റും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്.
പാരമ്പര്യത്തെ പിന്തുടർന്നുകൊണ്ട്, ലാമയുടെ പുനരവതാരത്തെയാണ് അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരനാക്കേണ്ടതെന്ന് ചൈന വാദിക്കുമ്പോൾ പിന്തുടർച്ചക്കാരനെ അടിച്ചേൽപിപ്പിക്കാനുള്ള ചൈനയുടെ നീക്കത്തെ എതിർത്തുകൊണ്ട് അങ്ങനെ പാടില്ല എന്ന് ടിബറ്റും പറയുന്നു. ചൈനയിൽ നിന്നുമുള്ള ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന 'വിഘടനവാദി'യായാണ് ചൈന ദലൈലാമയെ കാണുന്നത്. ചൈനയുമായുള്ള അഭിപ്രായവ്യത്യാസം കാരണം 1959 മുതൽ പതിനാലാം ദലൈലാമ ഇന്ത്യയിൽ ഹിമാചൽ പ്രാദേശിലുള്ള ധരംശാലയിലാണ് കഴിയുന്നത്.