ചെന്നൈ: ഹിന്ദുമതത്തിൽ ജാതിവിവേചനം രൂക്ഷമാകുന്നുവെന്ന് ആരോപിച്ച് ഇസ്ളാം മതത്തിലേക്ക് മാറാനൊരുങ്ങി കോയമ്പത്തൂരിലെ 3000 ദളിത് വംശജർ. ഇവിടുത്തെ നാദൂർ നിവാസികളായ തമിഴ് പുലിഗൾ കച്ചി പ്രവർത്തകരാണ് ജാതിവിവേചനം മൂലം മതം മാറാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ജനുവരി അഞ്ചാം തീയതിയോട് കൂടി ഇവരിലെ ഒരു സംഘം ഔദ്യോഗികമായി ഇസ്ളാം മതത്തിലേക്ക് മാറുമെന്നും ഒരു ദേശീയ പത്രം റിപ്പോർട്ട് ചെയ്യുന്നു. തമിഴ് പുലിഗൾ കച്ചി മേട്ടുപാളയത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ഇവർ തീരുമാനമെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
മേട്ടുപ്പാളയം നാദൂരിൽ ദളിതരെ അകറ്റി നിർത്തുന്നതിനായി ശിവസുബ്രമണ്യൻ എന്നയാൾ സ്ഥാപിച്ച ജാതിമതിൽ കനത്ത മഴയിൽ പൊളിഞ്ഞ് വീഴുകയും സംഭവത്തിൽ 17 പേർ മരണപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ശിവസുബ്രമണ്യനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 20 ദിവസം കഴിഞ്ഞ് ജാമ്യം ലഭിച്ചു. മാത്രമല്ല, ഇയാൾക്കെതിരെ, എസ്.ടി, എസ്.സി വകുപ്പുകൾ പ്രകാരവും പൊലീസ് കേസ് ചാർജ് ചെയ്തിട്ടില്ല.
ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് തമിഴ്‌നാട് സർക്കാരിനെയും ഇവർ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് അതിക്രമം ഉണ്ടാകുകയും ചെയ്തുവെന്നും തമിഴ് പുലിഗൾ കച്ചി സെക്രട്ടറി ഇളവേനിൽ പറയുന്നു. മതംമാറ്റത്തിന്റെ ആദ്യഘട്ടമാണ് ജനുവരി അഞ്ചാം തീയതി നടക്കുക. 100 പേരാണ് അന്ന് ഇസ്ളാം മതം സ്വീകരിക്കുക. ശേഷം, മറ്റ് ജില്ലകളിൽ നിന്നുമുള്ളവർ ഘട്ടം ഘട്ടമായി ഇസ്ളാം മതത്തിലേക്ക് മാറും, ഇളവേനിൽ അറിയിച്ചു.