മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സർക്കാർ. അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ സുരക്ഷ സർക്കാർ സെഡ് കാറ്റഗറിയിലേക്ക് ഉയർത്തിയിട്ടുമുണ്ട്. 'ആകെ 90 പ്രമുഖ വ്യക്തികളുടെ സുരക്ഷയാണ് സർക്കാർ പുനഃപരിശോധനയ്ക്ക് വിധേയമാക്കിയത്. ഓരോ വ്യക്തിയും അഭിമുഖീകരിക്കുന്ന ഭീഷണിയുടെ തോത് അനുസരിച്ചാണ് ഓരോരുത്തർക്കും നൽകുന്ന സുരക്ഷയിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയത്.'- ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നു.
ഇതുവരെ 'എക്സ്' കാറ്റഗറി സുരക്ഷയാണ് ടെണ്ടുൽക്കർക്ക് നല്കിപ്പോന്നത്. അതായത്, സദാസമയവും ഒരു പൊലീസുകാരൻ മുൻ രാജ്യസഭാംഗത്തിന്റെ ഒപ്പം ഉണ്ടായിരിക്കും. ഈ സുരക്ഷയാണ് ഇപ്പോൾ മഹാരാഷ്ട്ര സർക്കാർ എടുത്തുമാറ്റിയിരിക്കുന്നത്. എന്നിരുന്നാലും വീടിന് പുറത്തേക്ക് അദ്ദേഹം ഇറങ്ങുമ്പോൾ മുതൽ എസ്കോർട്ട് നൽകാൻ പൊലീസ് കൂടെയുണ്ടാകും.
അതേസമയം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആദിത്യ താക്കറെയ്ക്ക് ഒപ്പം മുൻപുണ്ടായിരുന്നതിനേക്കാൾ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇനി മുതൽ ഉണ്ടായിരിക്കും. ഇതുവരെ ആദിത്യയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ലഭിച്ചിരുന്നത്. ബി.ജെ.പി മന്ത്രിമാരായിരുന്ന ഏക്നാഥ് ഖഡ്‌സെ, രാം ഷിൻഡെ, ഉത്തർ പ്രദേശ് മുൻ ഗവർണറായിരുന്ന രാം നായിക്ക് എന്നിവർക്ക് നൽകിയിരുന്ന സുരക്ഷയും സർക്കാർ വെട്ടികുറച്ചിട്ടുണ്ട്. അതേസമയം സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയുടെ സുരക്ഷ സർക്കാർ വർദ്ധിപ്പിച്ചു.