k-surendran

സി.പി.എമ്മും കോൺഗ്രസും സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായ കെ.സുരേന്ദ്രൻ. ഗവർണർ കോൺഗ്രസിനും സി.പി.എമ്മിനും കയറി കൊട്ടാനുള്ള ചെണ്ടയല്ലെന്നും തങ്ങളുടെ പകൽകൊള്ളകളും ഭരണഘടനാ വിരുദ്ധ നടപടികളും പുറത്താക്കുമെന്ന് കണ്ടപ്പോൾ സി.പി.എമ്മും കോൺഗ്രസും ഒരു മുഴം മുൻപേ എറിയുകയാണ് ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ ഇക്കാര്യങ്ങൾ പറഞ്ഞത്. സർക്കാരിന്റെ 'മാർക്ക് തട്ടിപ്പും മറ്റ് അഴിമതികളും' ഗവർണർ പുറത്ത് കൊണ്ടുവരാൻ ആരംഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'കഴിഞ്ഞ കുറച്ചു ദിവസമായി ബഹുമാന്യനായ കേരളാ ഗവർണ്ണർക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും വലിയ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണല്ലോ. പാർലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത മഹാ അപരാധമായി വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങൾ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഒരു ഗവർണ്ണറയേ നിങ്ങൾ കണ്ടിട്ടുള്ളൂ.

ഇപ്പോൾ സർവ്വകലാശാലകളിലെ മാർക്കു തട്ടിപ്പും അഴിമതിയും ഗവർണ്ണർ അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്. പിന്നെ ഓഡിറ്റ്‌ നടത്താതെ സർക്കാർ ഖജനാവ്‌ കൊള്ളയടിക്കുന്ന പല കേസ്സുകളിലും അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുന്നുണ്ട്. ഈ ഗവർണ്ണർ തുടരുന്നത് കാലാകാലങ്ങളായി തുടരുന്ന പല ഭരണഘടനാ വിരുദ്ധ നടപടികൾക്കും പകൽകൊള്ളകൾക്കും വിലങ്ങുതടിയാവുമെന്ന് മനസ്സിലാക്കിയുള്ള ഒരു മുഴം മുമ്പേയുള്ള ഏറാണിത്.

സി. പി. എമ്മിനോടും കോൺഗ്രസ്സിനോടും ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് അനാവശ്യമായി കേറി കൊട്ടാനുള്ള ചെണ്ടയല്ല സംസ്ഥാന ഗവർണ്ണർ. കണ്ണും കാതും കൂർപ്പിച്ചു വെച്ച് ഭരണഘടനാ ബാധ്യത നിറവേറ്റുന്ന കേരളാ ഗവർണ്ണർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ.'