ചെന്നൈ:വർഷങ്ങളായി തുടരുന്ന ലൈംഗിക പീഡനത്തിനൊടുവിൽ യുവതി 54കാരനെ കഴുത്തറുത്തു കൊന്നു. ചെന്നൈയിലെ വാഷർമാൻപേട്ടിലാണ് സംഭവം. തിരുവട്ടിയൂർ സ്വദേശി അമ്മൻ ശേഖറിനെയാണ് പീഡനം സഹിക്കാനാകാതെ യുവതി കൊലപ്പെടുത്തിയത്. സംഭവത്തിൽ ശേഖറിന്റെ മകളുടെ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് ക്രോസ് റോഡിനു സമീപം മദ്ധ്യവയസ്‌കന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് അന്വേഷണത്തിലൂടെയാണ് ശേഖറിന്റെ മകളുടെ സുഹൃത്തായ യുവതിയെ പിടികൂടിയത്.ശേഖറിന്റെ മകളായ സുഹൃത്തിനെ കാണാനായി യുവതി ഇടയ്ക്കിടെ ശേഖറിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇത്തരത്തില്‍ സുഹൃത്തിനെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് ശേഖർ യുവതിയെ പീഡിപ്പിച്ചത്. നാലര വര്‍ഷത്തോളം ശേഖർ യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം യുവതിയുടെ വീട്ടുകാർക്കും അറിയാമായിരുന്നുവെന്ന് യുവതി പറഞ്ഞു. വീട്ടുകാർ പൊലീസിൽ പരാതി നൽകാതിരിക്കാൻ ശേഖർ പണം നൽകി അവരെ ഒതുക്കുകയായിരുന്നു.
അടുത്തിടെ യുവതി വിവാഹിതയായെങ്കിലും ശേഖർ യുവതിയെ ഭീഷണിപ്പെടുത്തുന്നത് തുടർന്നു. തിങ്കളാഴ്ച രാത്രി ഒരു സമ്മാനം നൽകാനുണ്ടെന്ന് പറഞ്ഞ് ശേഖറിനെ ബസന്ത് നഗർ ബീച്ചിലേക്ക് വിളിച്ചു വരുത്തി. അല്പസമയം സംസാരിച്ചിരുന്നതിനുശേഷം യുവതി ശേഖറിനോട് കണ്ണടയ്ക്കാൻ ആവശ്യപ്പെട്ടു. ശേഖർ കണ്ണടച്ചതോടെ ശേഖറിന്റെ കണ്ണിന് മുകളിൽ പശതേച്ച് ഒട്ടിച്ചു. തുടർന്ന് കത്തിയെടുത്ത് കഴുത്തറുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം യുവതി കടന്നുകളഞ്ഞു. യുവതിയെ റിമാൻഡ് ചെയ്തു..