vijay-rupani-

ന്യൂഡൽഹി: മുസ്ലിങ്ങൾക്ക് താമസിക്കാൻ 150 ഇസ്​ലാമിക രാഷ്​ട്രങ്ങളിൽ ഏത്​ വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നും ഹിന്ദുക്കൾക്കുള്ള ഏക രാഷ്​ട്രം ഇന്ത്യ മാത്രമാണെന്നും ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണി. ഗുജറാത്തിൽ സബർമതി ആശ്രമത്തിന്​ സമീപം പൗരത്വ ഭേദഗതി നിയമത്തെ പിന്ത​യ്ക്കുന്നവരുടെ റാലിയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ മഹാത്മാഗാന്ധിയുടേയും മൻമോഹൻസിംഗിന്റെയും ആഗ്രഹങ്ങളെ കോൺഗ്രസ്​ മാനിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 1947ൽ വിഭജന സമയത്ത്​ പാകിസ്ഥാനിൽ 22ശതമാനം ഹിന്ദുക്കളാണുണ്ടായിരുന്നത്​. എന്നാൽ ഇപ്പോൾ അവരുടെ ജനസംഖ്യ കേവലം മൂന്ന്​ ശതമാനത്തിലേക്ക്​ കുറഞ്ഞു. അതുകൊണ്ടാണ്​ ഹിന്ദുക്കൾ ഇന്ത്യയിലേക്ക്​ വരാൻ ആഗ്രഹിക്കുന്നത്​. ക്ലേശമനുഭവിച്ച ഹിന്ദുക്കളെ സഹായിക്കാൻ കോൺഗ്രസ്​ ചെ​യ്യേണ്ടിയിരുന്നതാണ്​ തങ്ങൾ ചെയ്​തതെന്നും അത്​ ഇപ്പോൾ തങ്ങൾ ചെയ്യുമ്പോൾ കോൺഗ്രസ്​ എതിർക്കുകയാണന്നും രൂപാണി കുറ്റപ്പെടുത്തി. ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ രണ്ട്​ ശതമാനത്തിലേക്ക്​ ചുരുങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിങ്ങൾക്ക് താമസിക്കാൻ​ 150 ഇസ്ലാമിക രാഷ്​ട്രങ്ങളിൽ ഏത്​ വേണമെങ്കിലും തിരഞ്ഞെടുക്കാം. ഹിന്ദുക്കൾക്ക്​ ഒരേയൊരു രാഷ്​ട്രം മാത്രമേയുള്ളു. അത്​ ഇന്ത്യയാണ്​. അതുകൊണ്ട്​ അവർ തിരിച്ചു വരാൻ ആഗ്രഹിച്ചാൽ എന്താണ്​ പ്രശ്​നമെന്നും രൂപാണി ചോദിച്ചു.

പീഡനത്തെ തുടർന്ന്​ കുടിയേറി വന്നവർക്ക്​ പൗരത്വം നൽകാനുള്ള നടപടികൾ ഗുജറാത്തിലെ ബി.ജെ.പി സർക്കാർ നേരത്തേ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.