ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവർക്കെതിരെ കടുത്ത നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. സമരത്തിൽ പങ്കെടുത്ത 28 പേർ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അടക്കാൻ ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് അയച്ചു. പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചതിനാണ് നോട്ടീസ് നല്‍കിയതെന്ന് അധികൃതർ വ്യക്തമാക്കി. ആദ്യം 15 ലക്ഷം രൂപയുടെ നാശനഷ്ടമായിരുന്നു കണക്കാക്കിയത്. എന്നാൽ പിന്നീട് 25 ലക്ഷമാക്കി ഉയര്‍ത്തി. പ്രതിഷേധ സമരത്തിനിടെ ആക്രമണം അഴിച്ചുവിട്ട 28 പേരെ കണ്ടെത്തി നോട്ടീസ് അയച്ചു
അവരുടെ ഭാഗം വിശദീകരിക്കാന്‍ ഏഴ് ദിവസം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി തുടങ്ങുമെന്ന് രാംപൂർ ജില്ലാ മജിസ്ട്രേറ്റ് ഔജന്യ സിംഗ് പി.ടി.ഐയോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാംപൂരിൽ നടന്ന പ്രക്ഷോഭത്തിനിടെയുള്ള നാശനഷ്ടങ്ങളുടെ പേരിലാണ് നടപടി. പ്രതിഷേധക്കാർ പൊലീസിനെ ആക്രമിക്കുകയും ബാരിക്കേഡ് തകർക്കുകയും ബൈക്കുകളും പൊലീസ് വാഹനവും കത്തിക്കുകയും ചെയ്തെന്ന് പൊലീസ് ആരോപിച്ചു. പൊലീസ് വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 31 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 150 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
നേരത്തെ സമരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. അതിനിടെ ഉത്തർപ്രദേശിൽ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു.