മുംബയ് : പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ റജിസ്റ്ററിനെയും പിന്തുണച്ച് ശിവസേന എം.പി. ഹേമന്ത് പാട്ടീൽ. മഹാരാഷ്ട്ര ഹിംഗോളിയിൽ നിന്നുള്ള ലോക്സഭാംഗം ഹേമന്ത് പാട്ടീലാണ് പിന്തുണ അറിയിച്ച് കത്തയച്ചത്. എൻ.ആർ.സിയെയും സി.എ.എയെയും അനുകൂലിക്കേണ്ടതില്ലെന്ന നിലപാടാണു ശിവസേനയ്ക്ക്. അപ്പോഴാണ് എതിർവാദവുമായി പാർട്ടി എം.പി തന്നെ രംഗത്തെത്തുന്നത്.
ലോക്സഭയിൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയിൽ പിന്തുണച്ചില്ല. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻ.സി.പിയുമായും സഖ്യമുണ്ടാക്കിയതിനു പിന്നാലെയായിരുന്നു ശിവസേനയുടെ പിന്മാറ്റം. യോഗങ്ങളുടെ തിരക്കായതിനാൽ സി.എ.എയെയും എൻ.ആർ.സിയെയും പിന്തുണച്ചുള്ള മാർച്ചിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഹേമന്ത് പാട്ടീൽ പറഞ്ഞു.
ശിവസേന എല്ലായ്പോഴും ഹിന്ദുത്വ പാർട്ടിയാണ്. നിയമങ്ങളെ പിന്തുണയ്ക്കുന്നതു കൊണ്ടാണു കത്തെഴുതുന്നതെന്നും ഹേമന്ത് പറയുന്നു. ഹിംഗോലിയിലെ വോട്ടർമാരെ അഭിസംബോധന ചെയ്താണു കത്തു പുറത്തുവന്നതെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിംഗോലിയിലെ തന്റെ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണു ഹേമന്തിന്റെ നീക്കമെന്നാണു വിവരം.
സവർക്കറിന്റെ കാഴ്ചപ്പാടുകൾക്കു വിരുദ്ധമാണു പൗരത്വ ഭേദഗതി നിയമമെന്നു പ്രഖ്യാപിച്ചാണ് ശിവസേന എതിർക്കുന്നത്. സുപ്രീം കോടതിയുടെ നിലപാടുകൂടി പരിശോധിച്ച ശേഷം മാത്രമായിരിക്കും നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കണോയെന്നു തീരുമാനിക്കുകയെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.