മുംബയ് : വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ ലിയാണ്ടർ പേസ്. 2020ൽ കരിയറിനോട് വിടപറയുമെന്ന് പേസ് തന്റെ ട്വീറ്റിൽ അറിയിച്ചു. പ്രഖ്യാപനം. ക്രിസ്മസ് ആശംസകളറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് പേസ് ഇക്കാര്യം അറിയിച്ചത്. 46 കാരനായ പേസ് 29 വർഷത്തെ കരിയറാണ് അവസാനിപ്പിക്കാൻ പോകുന്നത്.
2020ൽ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളിൽ മാത്രമേ കളിക്കുകയുള്ളൂ. തന്റെ ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ തന്റെ എല്ലാ സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം 2020 ആഘോഷിക്കും . വൺ ലാസ്റ്റ് റോർ എന്ന ടാഗിൽ ഇക്കാലമത്രയുമുള്ള ഓർമകൾ പങ്കുവെക്കുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ സമയത്തും കൂടെ നിന്ന് പ്രചോദനവും പിന്തുണയും നൽകിയ മാതാപിതാക്കൾ, സഹോദരിമാർ, മകൾ അയാന എന്നിവർക്കും പേസ് നന്ദി അറിയിച്ചു.
1973ൽ പശ്ചിമ ബംഗാളിലാണ് പേസ് ജനിച്ചത്. മുംബയിലാണ് നിലവിൽ താമസം. എട്ട് തവണ ഡബിൾസ് ഗ്രാൻഡ്സ്ലാമും 10 തവണ മിക്‌സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേൽ രത്‌ന, അർജ്ജുന, പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ പുരസ്‌കാരങ്ങൾ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ മുൻ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതൽ ഡേവിസ് കപ്പ് വിജയങ്ങൾ വന്തമാക്കുന്ന റെക്കോർഡ് നേടിയിട്ടുമുണ്ട്.