തിരുവനന്തപുരം: നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി. രാവിലെ എട്ടിന് ആരംഭിച്ച ഗ്രഹണം 11.15 വരെ നീളും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വലയഗ്രഹണം ആദ്യം ദൃശ്യമായി തുടങ്ങിയത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. വടക്കന്‍ കേരളത്തില്‍ പൂര്‍ണ വലയ ഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവുമാണ് ദൃശ്യമാവുക. നഗ്നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പുണ്ട്. വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് സജ്ജീകരിച്ചത്. സൗദി അറേബ്യ മുതല്‍ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് 26-ലെ ഗ്രഹണം കാണാന്‍ കഴിയുക.
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം.