sabariala

ശബരിമല: തിരക്ക് നിയന്ത്രിക്കുന്നതിന്റെ പേരിൽ പത്തും പതിനാലും മണിക്കൂറിലേറെ ക്യൂവിൽ നിൽക്കുന്ന അയ്യപ്പഭക്തർക്ക് പൊലീസിന്റെ വക നടയടി. ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ചാണ് തീർത്ഥാടകരെ ദേഹോപദ്രവം ഏൽപ്പിക്കുന്നതെന്നാണ് ആക്ഷേപം. ശബരിമല ഡ്യൂട്ടിക്കെത്തിയ മൂന്നാം ബാച്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

ശരണപാതയിൽ മാദ്ധ്യമശ്രദ്ധ അധികം പതിയാത്ത മരക്കൂട്ടത്തും ശരംകുത്തിയിലുമാണ് പൊലീസിന്റെ പ്രാകൃത നടപടി. വ്രതം നോറ്റെത്തുന്ന തീർത്ഥാടകർ മണിക്കൂറുകൾ ക്യൂവിൽ നിൽക്കുമ്പോൾ പ്രാഥമികാവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായി ക്യൂവിന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കും. ഇങ്ങനെയുള്ളവർക്കാണ് പൊലീസിന്റെ വടി പ്രയോഗം ഏൽക്കേണ്ടി വരുന്നത്. കുട്ടികളെന്നോ പ്രായമായ മാളികപ്പുറങ്ങളെന്നോ വിവേചനമില്ലാതെയാണ് ഭക്തർക്ക് നേരെ ബലപ്രയോഗം നടത്തുന്നത്.

പലപ്പോഴും പൊലീസിന്റെ നടപടി വലിയ സംഘർഷങ്ങൾക്കും കാരണമാക്കുന്നുണ്ട്. ശബരിമല ഡ്യൂട്ടിക്കെത്തിയ കഴിഞ്ഞ രണ്ട് ബാച്ച് പൊലീസും തീർത്ഥാടകർക്ക് വേണ്ട ദർശന സൗകര്യം ഒരുക്കുന്നതിൽ പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. എന്നാൽ മൂന്നാം തവണ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്.

വെള്ളവും ഭക്ഷണവും ഇല്ലാതെ കുടുങ്ങി

കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ ഗതാഗതക്കുരുക്കിന് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ചെറിയ തോതിൽ പരിഹാരം കാണാൻ പൊലീസിന് കിഴിഞ്ഞെങ്കിലും ഇന്നത്തെ നിയന്ത്രണം വീണ്ടും ഗതാഗതക്കുരുക്കിന് കാരണമായേക്കും. ഒന്നര മണിക്കൂർ കൊണ്ട് എത്തേണ്ട ദൂരം എട്ട് മുതൽ 12 മണിക്കൂർ നേരമെടുത്താണ് ഓടിയെത്തുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ പമ്പയിലേക്ക് എത്താതായതോടെ ഓരോ മണിക്കൂർ പിന്നിടുമ്പോഴും പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്. ദർശനം കഴിഞ്ഞ് പമ്പയിലെത്തുന്ന തീർത്ഥാടകർക്ക് മടങ്ങിപ്പോകാൻ ആവശ്യത്തിന് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സിക്ക് കഴിയുന്നില്ല.

ബസുകൾ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പൊലീസ് കടത്തിവിടാത്തതാണ് സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നത്. ശരണപാതയിൽ പല ഭാഗങ്ങളിലും വെള്ളവും ആഹാരവും കിട്ടാതെ തീർത്ഥാടകർ കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങൾ എത്താതെ അവശ്യ സാധനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള കടകൾ അടച്ചിടേണ്ട സ്ഥിതിയാണ്. പ്രധാന ഇടത്താവളങ്ങളിൽ തീർത്ഥാടകരെ നിയന്ത്രിക്കുന്നതിന് പകരം വനമേഖലയിൽ വാഹനങ്ങൾ അശാസ്ത്രീയമായി തടഞ്ഞിടുന്നതാണ് അയ്യപ്പ ഭക്തർക്ക് കൂടുതൽ ദുരിതം സമ്മാനിക്കുന്നത്.