onion

തിരുവനന്തപുരം: ഭക്ഷണത്തോടൊപ്പം ചോദിച്ച അളവില്‍ സവാള അരിഞ്ഞത് നല്‍കാത്തതില്‍ ഹോട്ടല്‍ ജീവനക്കാരന് മര്‍ദനം. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. ഭക്ഷണത്തോടൊപ്പം മൂന്നാമതും സവാള അരിഞ്ഞത് നല്‍കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ ജീവനക്കാരനുമായി തര്‍ക്കത്തിലേർപ്പെടുകയും മർദിക്കുകയുമായിരുന്നു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി കടയുടമ ആരോപിച്ചു.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് ഭക്ഷണത്തിനൊപ്പം സവാള അരിഞ്ഞത് നല്‍കിയിരുന്നു. ആവശ്യപ്പെട്ടതനുസരിച്ച് രണ്ടാമതും സവാള നൽകി. തുടര്‍ന്ന്‌ യുവാക്കള്‍ സവാള മൂന്നാമതും ആവശ്യപ്പെട്ടു. എന്നാല്‍,​ വില കൂടുതലായതിനാല്‍ അധികം സവാള നല്‍കില്ലെന്നറിയിച്ചതിൽ പ്രകോപിതരായ യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. സംഘം ഹോട്ടലിലെ ജീവനക്കാരെ മര്‍ദിക്കുകയും അപ്പച്ചട്ടി കൊണ്ട് ജീവനക്കാരുടെ തല അടിച്ചു പൊട്ടിക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.