red-222

താൻ പിടിക്കപ്പെടുമെന്ന് പ്രജീഷിനു ബോദ്ധ്യമായി. അങ്ങനെയായാൽ പിന്നെ പുറംലോകം കാണില്ല.

മാത്രമല്ല അതോടെ ചന്ദ്രകലയുമായുള്ള ബന്ധം മുറിയുകയും ചെയ്യും. താൻ അവളെ പറ്റിച്ചു കടക്കുകയായിരുന്നെന്ന് അവൾ അറിഞ്ഞാൽ അതോടെ തീർന്നു.

താൻ ചെയ്തിട്ടുള്ള കൊലപാതകങ്ങളെക്കുറിച്ച് അവൾ വിളിച്ചുപറഞ്ഞെന്നിരിക്കും.

എല്ലാറ്റിനും ഉപരി തറയിൽ വീണിരിക്കുന്നത് ആയിരക്കണക്കിനു കോടികളുടെ നിധിയാണ്. അതും നഷ്ടമാകും.

ടോർച്ചു തെളിച്ചുകൊണ്ട് രണ്ടുപേരും തൊഴുത്തിന് അടുത്ത് എത്താറായി.

പൊടുന്നനെ പ്രജീഷ് താൻ കയറിയ ഭാഗത്തുകൂടി തിരികെ കോവിലകത്തിന്റെ തട്ടിൻ പുറത്തേക്കിറങ്ങി.

ആ സെക്കന്റിൽത്തന്നെ ആ ഭാഗത്തിനു പുറത്തുകൂടി ടോർച്ചിന്റെ വെളിച്ചം പ്രകാശത്തിന്റെ വാൾ വീശുന്നതുപോലെ കടന്നുപോയി....

അയാൾ ശ്വാസം വലിച്ചുവിട്ടു.

ഒരു നിമിഷം വൈകിയിരുന്നെങ്കിൽ തന്റെ മേൽ ആ വെളിച്ചം വീണേനെ....

എന്നാൽ ഒരു ഭാഗ്യം അയാളെ തുണച്ചു.

താഴനിന്നു ടോർച്ചടിച്ചാൽ ഓടുകൾ ഇളകിയത് കാണാൻ കഴിയുമായിരുന്നില്ല.

''ഈ ഭാഗത്തല്ലേ എന്തോ വീഴുന്നതു കേട്ടത്?"

തറയിൽ നിന്നിരുന്ന പോലീസുകാരിൽ ഒരാൾ അപരനെ നോക്കി.

''അതെയെന്നു തോന്നുന്നു..."

തൊഴുത്തിനും കോവിലകത്തിനും ഇടയിലുള്ള ഭാഗം കരിയിലകളും കുറ്റിക്കാടുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അതിനാൽ തന്നെ ടോർച്ചടിച്ചു നോക്കിയിട്ടും പ്രജീഷിന്റെ കയ്യിൽ നിന്നു പിടിവിട്ടുവീണ ഭാണ്ഡം അവർക്കു കണ്ടെത്താനും കഴിഞ്ഞില്ല.

കോവിലകത്തിനുള്ളിൽ നിന്ന് അപ്പോഴും കല്ലറകൾ പൊളിക്കുന്നതിന്റെ ശബ്ദം കേൾക്കാമായിരുന്നു.

''ഉള്ളിലെ ശബ്ദമായിരിക്കും നമ്മൾ ഒരുപക്ഷേ കേട്ടത്. ഏതായാലും ഒരു ദിവസം കൂടി... അകത്തുള്ളവരെ നമ്മൾ പൊക്കും."

''താൻ വാ. ഇവിടെ വല്ല പാമ്പോ മറ്റോ ഉണ്ടെങ്കിൽ നമ്മുടെ കാര്യം പോക്കാ..."

ഒരുവൻ അപരനെയും വിളിച്ചുകൊണ്ട് പിൻതിരിഞ്ഞു.

താഴെ നടന്ന സംഭാഷണം പ്രജീഷ് കേൾക്കുന്നുണ്ടായിരുന്നു. അയാൾക്ക് അളവറ്റ ആഹ്ളാദം തോന്നി.

കിടാക്കന്മാരും പരുന്ത് റഷീദും ചന്ദ്രകലയും പോലീസ് കസ്റ്റഡിയിൽ ആയിക്കഴിഞ്ഞാൽ തനിക്ക് ഒട്ടും ഭീഷണി ഇനിയൊരിക്കലും ഉണ്ടാവില്ല..

പ്രജീഷ് വീണ്ടും തല പുറത്തേക്കുനീട്ടി.

അകന്നു പോകുന്ന പോലീസുകാരെ കണ്ടു.

കൃത്യമായി അവർ എവിടെയാണ് നിലയുറപ്പിക്കുന്നതെന്നും മനസ്സിലാക്കി.

അത് കണക്കുകൂട്ടി പുറത്തേക്കു പോകുവാൻ അയാൾ തീരുമാനിച്ചു.

യാതൊരു ശബ്ദവും കേൾപ്പിക്കാതെ, ഓടുകൾ ഒന്നും ഇളകാതെ അയാൾ മെല്ലെ താഴേക്കിറങ്ങി.

പിന്നെ ശബ്ദം ഉണ്ടാകില്ല എന്നു തോന്നിയ ഒരു ഭാഗത്തേക്കു ചാടിയിട്ട് കോവിലകത്തിന്റെ ഭിത്തിയിൽ ചാരി അല്പനേരം കാതോർത്തു നിന്നു.

ഒരിടത്തും അനക്കമൊന്നും കേൾക്കുന്നില്ല.

പ്രജീഷ് ഭാണ്ഡം ഉയർത്തി തലയിൽ വച്ചു. ശേഷം കുറ്റിക്കാടുകളെ വകഞ്ഞുമാറ്റി പുറത്തേക്കിറങ്ങി.

തൊഴുത്തിന്റെ നിഴൽ പറ്റി വടക്കുപടിഞ്ഞാറെ ഭാഗത്തേക്കു നീങ്ങി.

അവിടെ ഇടയ്ക്കിടെ തെങ്ങും കവുങ്ങും കശുമാവും മറ്റും ആയിരുന്നു.

നിലാവെളിച്ചത്തിൽ അവയുടെ നിഴലുകൾ നീണ്ടുകിടന്നു.

ആ നിഴലുകളായിരുന്നു പ്രജീഷ് മറയാക്കിയത്.

ഏതാണ്ട് പത്തുമിനിട്ടോളം നടന്നുകഴിഞ്ഞപ്പോൾ അയാൾ കോവിലകത്തെ ചുറ്റിയുള്ള വിശാലമായ മതിലിന് അരുകിലെത്തി.

ഏതാണ്ട് എട്ടടി ഉയരത്തോളം മതിൽക്കെട്ടാണ്.

പ്രജീഷ് ചുറ്റും നോക്കി.

എപ്പോഴോ വെട്ടിക്കളഞ്ഞ ഒരു മരത്തിന്റെ പീസ് കണ്ണിൽപെട്ടു. ഏതാണ്ട് ഒരു മീറ്ററോളം നീളമുണ്ടായിരുന്നു അതിന്.

ഭാണ്ഡം താഴെവച്ചിട്ട് പ്രജീഷ് ആ മരത്തടി ആയാസപ്പെട്ട് വലിച്ചുകൊണ്ടുവന്ന് ഭിത്തിയിലേക്കു ചാരി.

പിന്നെ ഭാണ്ഡവുമെടുത്ത് അതിലേക്കു കയറി. മതിലിനു പുറത്ത് ഭാണ്ഡം വച്ചു. തുടർന്ന് അതിലേക്ക് അള്ളിപ്പിടിച്ചു കയറി.

അപ്പുറം കുറച്ചുകൂടി താഴ്ചയുള്ള ഭാഗമായിരുന്നു.

പ്രജീഷ് ഭാണ്ഡം മതിൽ ഭിത്തിയിൽ ചേർത്ത് താഴേക്കുവിട്ടു. ശേഷം അതിൽ തൂങ്ങിത്തന്നെ ശരീരം ലംബമാക്കി താഴേക്കു ചാടി.

ആശ്വാസം.

ഇത്തവണ എല്ലാം കൃത്യം. ഒരു ശബ്ദവും കേട്ടില്ല.

ഇനി കുറച്ചുദൂരം നടന്നാൽ റോഡിലെത്താം.

ആ ഭാഗമൊക്കെ പഴയ കൃഷിത്തോട്ടമായിരുന്നു. രാമഭദ്രന്റെ മരണശേഷം ആരും അവിടം ഉപയോഗിക്കാത്തതിനാൽ കാടുപിടിച്ചു കിടക്കുകയാണ്.

ഒന്നുറക്കെ ചിരിക്കണമെന്നു തോന്നി പ്രജീഷിന്.

തന്നെയും ചന്ദ്രകലയെയും ഇങ്ങോട്ടു കൊണ്ടുവരുവാൻ തോന്നിയ കിടാക്കന്മാരുടെ ബുദ്ധിയെ അയാൾ മനസ്സാ വണങ്ങി.

ഇനി പേടിക്കേണ്ട കാര്യമില്ല.

പ്രജീഷ് ഭാണ്ഡമുയർത്തി പിന്നെയും ശിരസ്സിൽവച്ചുകൊണ്ട് നടന്നു.

ഏതാണ്ട് നൂറുമീറ്റർ അങ്ങനെ പോയിക്കാണും.

പൊടുന്നനെ ഏതോ കാട്ടുപക്ഷി ചിലയ്ക്കുന്നതുപോലെ ഒരു ശബ്ദം.

അതേ തുടർന്ന് അനേകം ശബ്ദങ്ങൾ...

അത് തനിക്കു ചുറ്റുമാണെന്നും താൻ ഒരു വിശാലമായ പക്ഷിക്കൂട്ടിലാണെന്നും പ്രജീഷിനു തോന്നി.

അയാൾ ചുറ്റും തിരിഞ്ഞു.

പക്ഷേ ഒന്നും കണ്ടില്ല...

എന്നാൽ....

ഏതാനും ചുവടു വച്ചതും പ്രജീഷിൽ വല്ലാത്തൊരു ഞെട്ടൽ പടർന്നു...

(തുടരും)