red-223

പ്രജീഷിന്റെ കാലുകൾ അറിയാതെ നിശ്ചലമായി.

നിലാവെളിച്ചത്തിൽ അയാൾ സൂക്ഷിച്ചു നോക്കി.

പത്തടി മുന്നിൽ ഒരു രൂപം നിൽക്കുന്നു. പ്രതിമപോലെ... കറുത്തിരുണ്ട് കരടിയെപ്പോലെ ഒരു രൂപം!

അടുത്ത നിമിഷം അതിന് ഇരുവശത്തും രണ്ടു ശിരസ്സുകൾ കൂടി ഉയർന്നുവന്നു...

പിന്നെ അവയോടു ചേർന്ന് വീണ്ടും വീണ്ടും....

ഇരുവശങ്ങളിലും...

സെക്കന്റുകൾക്കുള്ളിൽ അയാൾ ഇരുണ്ട രൂപങ്ങളുടെ ഒരു വലിയ വലയത്തിനുള്ളിലായി.

നിലവിളിക്കുവാൻ പ്രജീഷിന്റെ നാവു പോലും അനങ്ങിയില്ല...

കറുത്ത രൂപങ്ങളുടെ വലയം ഒരേ പോലെ മുന്നോട്ടുവന്നുതുടങ്ങി. ഒരു വല വീശിയിട്ട് അത് വലിച്ചടുപ്പിക്കും പോലെ...

''കൊട്ടാരത്തിലെ നിധിയുമായി രക്ഷപെടാമെന്നു കരുതി. അല്ലേടാ?"

നേരെ മുന്നിൽ അടുത്തുകൊണ്ടിരുന്ന കറുത്ത രൂപത്തിന്റെ ശബ്ദം.

പുരുഷനോ സ്‌ത്രീയോ?

തിരിച്ചറിയുവാൻ കഴിയുന്നില്ല...

പ്രജീഷ് കുടുകുടെ വിയർത്തു. അയാളുടെ തൊണ്ട വരണ്ടു പൊട്ടി.

''ഇനി നിനക്ക് പ്രാണനില്ല. ഇവിടെ വച്ച് ഞാൻ നിന്റെ ജീവൻ പറിച്ചെടുക്കാൻ പോകുന്നു."

ആ രൂപം മുന്നോട്ടു കുതിക്കാൻ ഭാവിക്കുന്നത് പ്രജീഷ് കണ്ടു.

ഇവിടെ നിധിയല്ല തന്റെ ജീവനാണു വലുതെന്ന് അയാൾക്കു തോന്നി.

തന്റെ നേരെ കുതിച്ചുവരുന്ന ആ രൂപത്തിന്റെ ശരീരത്തിലേക്ക് അയാൾ ഭാണ്ഡം വലിച്ചെറിഞ്ഞു.

അത് അപ്രതീക്ഷിതമായിരുന്നു. ഭാണ്ഡത്തോടൊപ്പം ആ രൂപവും നിലത്തേക്കു വീണു.

പിന്നെ നിന്നില്ല പ്രജീഷ്...

ഒറ്റ കുതിപ്പ്.

താഴെ വീണ രൂപത്തിനു മുകളിലൂടെ അപ്പുറം ചാടിക്കടന്ന് ഓടി.

പിന്നിൽ കുറ്റിക്കാടുകൾ ഇളകുന്ന ഒച്ച കേട്ടു. തിരിഞ്ഞു നോക്കിയില്ല. പെട്ടെന്ന് അയാളുടെ കാൽ ഒരു കല്ലിൽ തട്ടി.

''ആ..." അർദ്ധ വിലാപത്തോടെ പ്രജീഷ് നെഞ്ചടിച്ചുവീണു.

ചരിഞ്ഞ പ്രദേശമായിരുന്നതിനാൽ രണ്ടുമൂന്നു തവണ തലകുത്തി ഉരുണ്ടുപോയി.

അവിടെ നിന്ന് ചാടിയെഴുന്നേറ്റ് വീണ്ടും ഓട്ടം.

അവസാനം...

ആഢ്യൻപാറയിലേക്കുള്ള റോഡിനരുകിൽ അയാൾ നിന്നു.

കാലുകൾ ഒടിഞ്ഞുനുറുങ്ങിയതുപോലെ...

പ്രജീഷ് തിരിഞ്ഞുനോക്കി.

ആരും പിന്നാലെ ഇല്ല...

അയാൾ അവിടെ കുത്തിയിരുന്നു അല്പനേരം. ശേഷം റോഡിലേക്കിറങ്ങി. നിലമ്പൂർ ഭാഗത്തേക്കു നടന്നു.

പെട്ടെന്ന് കുന്നിറങ്ങി വരുന്ന ഒരു വാഹനത്തിന്റെ വെളിച്ചം. എവിടെയും ഒളിക്കാനുള്ള നേരം കിട്ടിയില്ല പ്രജീഷിന്.

അയാൾക്കരുകിൽ ആ വണ്ടി ബ്രേക്കിട്ടു.

ഒരു കാർ.

ഡ്രൈവർ സീറ്റിൽ നിന്നു ചോദ്യം കേട്ടു.

''വരുന്നോ?"

മറുപടി പറഞ്ഞില്ല പ്രജീഷ്.

പകരം ഡോർ തുറന്ന് അകത്തു കയറി. എവിടേക്കെന്നു ചോദിച്ചില്ല ഡ്രൈവർ.

എടുത്തു ചാടും പോലെ കാർ താഴ്‌വാരത്തേക്കു കുതിച്ചു.

*******

വടക്കേ കോവിലകത്തിന്റെ നിലവറ.

ഇനി പൊളിക്കുവാൻ ഒറ്റ കല്ലറ മാത്രം.

ആയുധങ്ങൾ കിട്ടിയശേഷം പൊളിച്ച കല്ലറകളിലൊന്നും നിധിയില്ലായിരുന്നു.

ഒരു കുപ്പി വെള്ളമെടുത്ത് വായിലേക്കു ചരിച്ചുകൊണ്ട് വിയർത്തുകുളിച്ച പരുന്ത് റഷീദ് കല്ലറയിൽ ചാരിനിന്നു.

തീർത്തും അവശനായിരുന്നു അയാൾ.

''ഇന്നിനി എനിക്ക് വയ്യ സാറമ്മാരേ... നാളെയാകട്ടെ..."

ഒഴിഞ്ഞ പ്ളാസ്റ്റിക് കുപ്പി അയാൾ തറയിലിട്ടു.

കിടാക്കന്മാർ അയാളെ രൂക്ഷമായി ഒന്നു നോക്കി.

''എടാ. ഈ ഒരെണ്ണം കൂടിയല്ലേ ഉള്ളു? എങ്ങനെയെങ്കിലും തകർക്ക്. ഈ രാത്രി ഇവിടെ വിടണം. അല്ലെങ്കിൽ ആപത്താണെന്ന് എന്റെ മനസ്സു പറയുന്നു."

ശ്രീനിവാസകിടാവ് ശബ്ദം മയപ്പെടുത്തി. പിന്നെ ശേഖരകിടാവിനെ നോക്കി ഒന്നു കണ്ണിറുക്കി.

ശേഖരനും പറഞ്ഞു.

''ചേട്ടൻ പറഞ്ഞത് നേരാടാ. ആ സി.ഐ അലിയാർ ഇവിടെ വരെ വന്നിട്ട് ഒന്നും ചെയ്യാതെ മടങ്ങിപ്പോയതിൽ എന്തോ ദുരൂഹതയുണ്ട്. പിടിക്കപ്പെട്ടാൽ നമ്മളെല്ലാം അകത്താ..."

പരുന്ത് മിണ്ടിയില്ല.

'അപ്പോൾ നിങ്ങൾക്ക് എന്നെ കൊല്ലാൻ തിടുക്കമായി. അല്ലേ'യെന്ന് മനസ്സിൽ ചോദിക്കുകമാത്രം ചെയ്തു.

മാത്രമല്ല ഈ കല്ലറ കൂടി പൊളിച്ചില്ലെങ്കിൽ ഒരുപക്ഷേ ഇപ്പോൾത്തന്നെ ഇവർ തന്നെ കൊന്നെന്നും വരും.

പെട്ടെന്ന് മിന്നൽ പോലെ ഒരു ചിന്ത പരുന്തിനുണ്ടായി.

അധികാരത്തിന്റെ പിൻബലത്തിലാണ് ഇത്രയും കാലം ഇവന്മാർ തന്നെപ്പോലെയുള്ളവരെ വരുതിക്കു നിർത്തിയത്. അല്ലാതെ കായബലത്തിലല്ല.

തന്റെ മുന്നിൽ ഇവർ രണ്ടുപേരും ബലഹീനർ മാത്രം!

എന്തുകൊണ്ട് ഈ കല്ലറകൂടി പൊളിച്ചിട്ട് ഇതേ ഇരുമ്പുപാരയാൽ ഇവരെ രണ്ടിനെയും തീർത്തുകൂടാ?

പ്രജീഷിന്റെ സഹായം കൂടാതെ തന്നെ താൻ ഇവരെ വകവരുത്തിയാൽ കിട്ടിയ നിധി അത്രയും തനിക്കു സ്വന്തം.

കൂട്ടത്തിൽ പ്രജീഷിനെയും ചന്ദ്രകലയെയും കൂടി അങ്ങ് കൊന്നേക്കാം. എന്നാൽപിന്നെ താനാണിതൊക്കെ ചെയ്തതെന്ന് ആരും അറിയാൻ പോകുന്നില്ല.:

മനസ്സ് അത്തരം ഒരു തീരുമാനത്തിൽ എത്തിയതോടെ പരുന്ത് റഷീദിന്റെ സിരകളിൽ ആവേശം മുറ്റി.

ക്ഷീണം ഏതുവഴി പോയെന്ന് അയാൾക്ക് അറിയാൻ കഴിഞ്ഞില്ല.

''എങ്കിൽ സാറമ്മാരുടെ ഇഷ്ടം."

പറഞ്ഞുകൊണ്ട് പരുന്ത് അവസാന കല്ലറയും പൊളിക്കാൻ തുടങ്ങി.

(തുടരും)