സംസ്ഥാനത്ത് റോഡുകളുടെ ശോചനീയാവസ്ഥ മൂലം അപകടങ്ങൾ തുടർക്കഥയാകുകയാണ്. എന്നാൽ ഒരു യാത്രയ്ക്കിടെ സംസ്ഥാനത്തെ റോഡുകൾ എത്രയോ മികച്ചതാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലൂടെ മനസ് തുറന്നിരിക്കുകയാണ് തിരക്കഥാകൃത്ത് സിന്ധുരാജ്.

sindhuraj

'ഒരിക്കൽ ഞാനും സുഹൃത്തുക്കളും സിക്കിമിൽ പോയിട്ട് ബാഗ്ഡ്രോഗ്രാ എന്ന് പറയുന്ന സ്ഥലത്ത് നിന്ന് കൽക്കത്തയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. ബാഗ്ഡ്രോഗ്രാ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സമയത്ത് ദുർഗാപൂജയുടെ സമയമാണ്. ഞങ്ങളുടെ ടിക്കറ്റും കൺഫോമായില്ല. പിറ്റേന്ന് ഉച്ചയാകുമ്പോൾ കൽക്കത്തയിൽ എത്തിച്ചേരണം. അങ്ങനെ ഞങ്ങൾ ഒരു ചെറിയ വണ്ടി വാടകയ്ക്കെടുത്ത് ഞെരുങ്ങിയാണെങ്കിലും യാത്ര ആരംഭിച്ചു. വഴി നീളെ ദുർഗാപൂജയുടെ ഘോഷയാത്ര നടക്കുകയാണ്. അവരാണെങ്കിൽ ഞങ്ങളെ വഴിതിരിച്ച് വിട്ടു. യാത്ര ചെയ്ത് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തിയിലുള്ള ഒരു സ്ഥലത്ത് അർധരാത്രി എത്തി.

ആ രാത്രിയുടെ ഭീകരത ഇപ്പോഴും മനസിലുണ്ട്. ഞങ്ങൾ പുറത്തേക്ക് നോക്കുമ്പോൾ ഒന്നും കാണുന്നില്ല. വഴി ചോദിക്കാൻ പോലും ആരുമില്ല. ഇടയ്ക്ക് എപ്പോഴോ ചിലരെ കണ്ടപ്പോൾ അവർ പറയുന്നത് നിങ്ങൾ എത്രയും വേഗം ഇവിടെനിന്ന് രക്ഷപ്പെടുക എന്ന രീതിയിലാണ്. കേരളത്തിലെ റോഡുകളെ നമ്മൾ ഭയങ്കരമായി കുറ്റം പറയുമ്പോഴും ആ യാത്രയാണ് ഇവിടെത്തെ റോഡുകൾ മനോഹരമായിരുന്നെന്ന് മനസിലാക്കിത്തന്നത്'-സിന്ധുരാജ് പറഞ്ഞു.