1. ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി പ്രതിഷേധത്തിനിടെ രണ്ടു പേര്‍ പൊലീസിന് എതിരെ വെടി ഉതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ട് യു.പി പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച മീററ്റ് നഗരത്തില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ ഉള്ള ചിത്രങ്ങളാണ് പൊലീസ് പുറത്തു വിട്ടത്. മുഖം കറുത്ത തുണികൊണ്ട് മറച്ച് നീല ജാക്കറ്റ് അണിഞ്ഞ ഒരാള്‍ തോക്കു ചൂണ്ടി നടക്കുന്നതാണ് ചിത്രങ്ങളിലൊന്ന്. ഇത്തരത്തിലുള്ള ആക്രമണങ്ങളാണ് തങ്ങള്‍ നേരിടുന്നതെന്നും തിരിച്ചടിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതര്‍ ആവുകയാണെന്നും പൊലീസ് പറയുന്നു
2. കഴിഞ്ഞ ആഴ്ചകളിലായി നടന്ന പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 16 പേര്‍ ഉത്തര്‍പ്രദേശില്‍ മരിച്ചിട്ടുണ്ട്. മീററ്റില്‍ മാത്രം ആറ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ ഭൂരിഭാഗം പേരുടെ മൃതദേഹത്തിലും വെടിയേറ്റ പാടുകളുണ്ട്. എന്നാല്‍ പ്ലാസ്റ്റിക് പെല്ലറ്റുകളും റബര്‍ ബുള്ളറ്റുകളും അല്ലാതെ തങ്ങള്‍ വെടിയുതിര്‍ത്തിട്ടില്ല എന്നാണ് യു.പി പൊലീസിന്റെ വാദം. 21 ജില്ലകളിലുണ്ടായ അക്രമ സംഭവങ്ങളില്‍ 288 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും 62 പൊലീസുകാര്‍ക്ക് വെടിയേറ്റെന്നും യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ പറഞ്ഞു. അതേസമയം, പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധത്തിനിടെ വെടിയേറ്റ ഒരാള്‍കൂടി മരിച്ചു. മുസാഫര്‍ സ്വദേശി ഹാറൂണാണ് ഡല്‍ഹി എംയിമ്സില്‍ ചികിത്സയ്ക്കിടെ മരിച്ചത്.
3. പൗരത്വ നിയമ ഭേദഗതിക്കെതിരെ പുതുച്ചേരിയില്‍ ഇന്ന് മഹാറാലി നടക്കും. ഡി.എം.കെ കോണ്‍ഗ്രസ് ഇടത് സഖ്യത്തിന്റെ നേതൃത്വത്തിലാണ് റാലി. വൈകിട്ട് നാല് മണിയ്ക്ക് നഗരത്തിലെ അണ്ണാ പ്രതിമയ്ക്ക് മുന്‍പില്‍ നിന്നാണ് പ്രതിഷേധം തുടങ്ങുക. മുസ്ലിം ലീഗ്, വി.സി.കെ തുടങ്ങിയ പാര്‍ട്ടികളും സമരത്തിനെത്തും. മുഖ്യമന്ത്രി വി.നാരായണസ്വാമി മഹാറാലിക്ക് നേതൃത്വം നല്‍കും. നാളെ സംസ്ഥാനത്ത് ബന്ദ് നടത്താനും സഖ്യം ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധക്കൂട്ടായ്മകള്‍ നടക്കും. കര്‍ണാടകയില്‍ ബംഗളുരു കേന്ദ്രീകരിച്ചും തെലങ്കാനയില്‍ ഹൈദരബാദിലുമാണ് പ്രതിഷേധങ്ങള്‍ ഉണ്ടാവുക.
4. ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം വീക്ഷിച്ച് മലയാളികള്‍. കാസര്‍കോട് ചെറുവത്തൂര്‍ ആണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്. ചെറുവത്തൂരില്‍ 5000-ല്‍ അധികം പേരാണ് ഗ്രഹണം കാണാന്‍ ഒത്തുകൂടിയത്. 9.26 മുതല്‍ 9.30 വരെ നീണ്ടു നിന്ന വലയ സുര്യഗ്രഹണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു. നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുത് എന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനെയും ആണ് ആളുകള്‍ ഗ്രഹണം വീക്ഷിച്ചത്
5. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിന് ഇടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖ പാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും . ഇതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയം ആണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം. വലയ സൂര്യഗ്രഹണം കണക്കിലെടുത്ത് നാല് മണിക്കൂര്‍ അടച്ചിട്ടിരുന്ന ശബരിമല നട തുറന്നു
6. കുട്ടനാട് ഉപ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മുന്നണികള്‍. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എല്‍.ഡി.എഫിനും, കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ യു.ഡി.എഫിനും വെല്ലുവിളിയാണ്. ബി.ജെ.പി - ബി.ഡി.ജെ.എസ് തര്‍ക്കം എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഫലിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഉപ തിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ്.
7. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്‍.സി.പിക്ക് എളുപ്പമാകില്ല. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. ചാണ്ടിയുടെ സഹോദരനെയോ മകളെയോ മത്സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ തോമസ് ചാണ്ടിയോളം സ്വീകാര്യത കിട്ടുമോയെന്ന ആശങ്ക എന്‍.സി.പിക്കുണ്ട്. കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന വികാരം ആലപ്പുഴ സി.പി.എമ്മിലും ശക്തമാണ്.
8. പൗരത്വ നിയമത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് എന്‍.ഡി.എ ഘടകകക്ഷി ആയ ശിരോമണി അകാലിദള്‍ രംഗത്ത്. മുസ്ലിങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യം. ബഡ്ജറ്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് ഭേദഗതി കൊണ്ടുവരണം എന്നും അകാലിദള്‍. എന്‍.ഡി.എയ്ക്ക് ഉള്ളില്‍ ചര്‍ച്ച നടക്കാത്തതില്‍ പല ഘടകകക്ഷികള്‍ക്കും അതൃപ്തി ഉണ്ടെന്നും അകാലിദള്‍ അറിയിച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് എന്‍.ഡി.എ സഖ്യത്തിലെ ഭൂരിഭാഗം അംഗങ്ങളും അസന്തുഷ്ടരാണെന്ന് ശിരോമണി അകാലിദള്‍ രാജ്യസഭാ എംപി നരേഷ് ഗുജ്രാള്‍ ഇന്നലെ വെളിപ്പെടുത്തി ഇയിരുന്നു.
9. ദേശീയ പൗരത്വ പട്ടികയ്ക്ക് തങ്ങള്‍ പൂര്‍ണമായും എതിരാണെന്നും സി.എ.എയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോഴും പാര്‍ട്ടി മേധാവിയായ സുഖ്ബീര്‍ സിംഗ് ബാദല്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്ന് ഗുജ്രാള്‍. അഫ്ഗാനിസ്താനിലും പാകിസ്താനിലും 60,000നും 70,000നും ഇടയ്ക്ക് മുസ്ലീങ്ങളെ താലിബാന്‍ പീഡിപ്പിച്ചിട്ടുണ്ട്. ഇത് വലിയ പ്രശ്നമാണ്. ഇതില്‍ ഇന്ത്യയിലേയ്ക്ക് വന്നവര്‍ 1012 വര്‍ഷമായി പൗരത്വമില്ലാതെ കഴിയുക ആണെന്നും നരേഷ് ഗുജ്രാള്‍ ഇന്നലെ പറഞ്ഞിരുന്നു.