ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് തിരുവനന്തപുരത്ത് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരത്തി മുന്നൂറോളം 'ശാസ്ത്രജ്ഞരായ' കുട്ടികൾ അവരുടെ കണ്ടെത്തലുകൾ ഈ ശാസ്ത്ര കോൺഗ്രസ്സിൽ അവതരിപ്പിക്കും. ഒാരോ സംസ്ഥാനത്തു നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും പങ്കെടുക്കുന്ന പ്രതിനിധികൾ മാറ്റുരയ്ക്കുന്ന വേദി അതീവ പ്രാധാന്യമാവുന്നത്, നമ്മുടെ രാജ്യത്തെ ഒാരോ പ്രദേശത്തെയും കുട്ടികൾ എത്രത്തോളം സാക്ഷരത ശാസ്ത്രത്തിൽ നേടി എന്ന് കണക്കാക്കപ്പെടുമ്പോഴാണ്. എം.എസ്. സ്വാമിനാഥൻ പറഞ്ഞപോലെ ഒാരോ കുട്ടിയും ഒരു ശാസ്ത്രജ്ഞനാണ്. കുട്ടികളുടെ വിവിധ വളർച്ചാഘട്ടങ്ങളിൽ അവരുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന അല്ലെങ്കിൽ കാണുകയോ കേൾക്കുകയോ ചെയ്യുന്ന കാര്യങ്ങളോട് അവർ ചോദ്യരൂപേണ പ്രതികരിക്കുകയും അതിന് ഉത്തരം തേടുമ്പോഴും ആ കുട്ടി ശാസ്ത്രത്തിനോട് അടുക്കുകയാണ്. ശാസ്ത്രീയ അടിത്തറ കുട്ടികളിൽ വികസിപ്പിക്കുന്നതിന് വായനയ്ക്കും വിദ്യാഭ്യാസത്തിനും വലിയ പങ്കു വഹിക്കാനുണ്ട്.
നമ്മുടെ കുട്ടിക്കാലത്ത് സ്വാഭാവികമായും നമ്മിൽ ആകർഷത ഉണ്ടാക്കുന്ന മിത്തുകളും അത്തരം കഥകളും കുട്ടിയുടെ ഭാവനയെ പരിപോഷിപ്പിക്കാൻ ഒരു പരിധിവരെ സഹായിക്കുമെങ്കിലും ഇന്നത്തെ കാലഘട്ടത്തിൽ ഇത് മറ്റൊരു വിധത്തിൽ രൂപാന്തരം പ്രാപ്പിച്ച് ശാസ്ത്ര നയങ്ങളെ മുഖം മൂടി ധരിപ്പിക്കുന്നുണ്ട്. അത് മിത്തുകളിൽ ശാസ്ത്രം തേടി കൊണ്ടാണ്. ഇങ്ങനെ ശാസ്ത്രത്തെ ഉപയോഗിക്കപ്പെടുമ്പോൾ കുട്ടികൾ തെറ്റിദ്ധരിക്കപ്പെടുകയും ശാസ്ത്ര സാക്ഷരത അടുത്ത ഭാവി തലമുറ നേടാതെ പോവുകയും ചെയ്യും. ഇവിടെ അപകടപ്പെടുന്നത് നമ്മുടെ ശാസ്ത്ര ചിന്താ വികാസമാണ്. മിത്തുകളിൽ ഉത്തരം ഉണ്ട്, അതിന് ശാസ്ത്രീയ വിശദീകരണം തേടുകയാണ് ചെയ്യുന്നത്. ഇത് ശാസ്ത്ര ചിന്തയെ പരിപോഷിപ്പിക്കുകയില്ല. മറിച്ച് കൊച്ചു കാര്യങ്ങളിലൂടെ ശാസ്ത്ര സംവാദത്തിന് ഒരു കുട്ടിയെ ഒരുക്കിയെടുക്കേണ്ട കടമയാണ് സമൂഹം അനുവർത്തിക്കേണ്ടത്.ഒരോ കുട്ടിയിലും കലാവാസന കണ്ടെത്തി നാം എങ്ങനെ പരിപോഷിപ്പിച്ചെടുക്കുന്നുവോ അങ്ങനെ തന്നെ ശാസ്ത്ര ചിന്തയും അവരിൽ വളർത്തിയെടുക്കേണ്ടതുണ്ട്. അത് സമൂഹത്തിന്റെ ആവശ്യമായി മാറേണ്ടതുമുണ്ട്.
കുട്ടിക്കാലത്ത് ഏവരും വായിക്കുന്ന ഒരു കഥയുണ്ട്, വെള്ളം കുടിക്കാൻ കുടത്തിന് അടിയിലെ കുറച്ചു വെള്ളത്തെ കല്ലുകൾ പെറുക്കി ഇട്ട് കൊണ്ട് വെള്ളത്തെ ഉയർത്തി ദാഹം അകറ്റുന്ന കാക്ക ശാസ്ത്ര ചിന്തയുടെ വലിയ ഉദാഹരണമാണ്. തന്റെ ഒരു പ്രശ്നത്തെ ലോജിക്ക് ഉപയോഗിച്ച് പരിഹരിക്കുകയാണ് കാക്ക ഇവിടെ ചെയ്യുന്നത്. മറിച്ച് കുടം കൊത്തി പൊട്ടിച്ച് വെള്ളത്തെ പുറത്തെത്തിച്ച് ദാഹം അകറ്റുകയല്ല കാക്ക ചെയ്തത്. ഈ വ്യത്യാസം അറിയുന്നതിലാണ് ഒരാൾ ശാസ്ത്ര സാക്ഷരത കൈവരിക്കുന്നതിന്റെ തുടക്കം. ദേശീയ ബാല ശാസ്ത്ര കോൺഗ്രസ് നടക്കുമ്പോൾ ശാസ്ത്രകുതുകിയായ ഒരാൾ തേടുന്നതും എവിടെയാണ് കുട്ടികൾ ശാസ്ത്ര ചിന്തയോടെ ജീവിക്കുന്നത് എന്നതാണ്.
(കെ.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞനാണ് ലേഖകൻ)