foreign-investors

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ഓഹരി വിപണിയിൽ നിന്ന് ലഭിക്കുന്നത്. വിദേശ നിക്ഷേപകര്‍ ഈ വര്‍ഷത്തില്‍ ഇതുവരെ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ. ഇതോടെ ഇന്ത്യന്‍ മൂലധന വിപണിയിലെ വിദേശനിക്ഷേപം ഏറ്റവും ഉയർന്ന നിലയിൽ എത്തി. 99,966 കോടി രൂപയാണ് വിദേശത്ത് നിന്നും ഇന്ത്യൻ ഓഹരികളിലേക്ക് ഈ വർഷം മാത്രം എത്തിയത്.

ഇതിനു മുമ്പ് 2013 കലണ്ടര്‍ വര്‍ഷത്തിലാണ് ഇതില്‍കൂടുതല്‍ നിക്ഷേപമെത്തിയത്. 1,10,000 കോടി രൂപ. അതായത് 20.1 ബില്യണ്‍ ഡോളര്‍. 2019 കലണ്ടർ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ മാത്രം 43,781 കോടി ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കപ്പെട്ടു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ 22,463 കോടി രൂപയുടെ വിദേശനിക്ഷേപം പിൻവലിക്കപ്പെട്ടിരുന്നു.

ബി.എൻ.പി പാരിബാസ് പുറത്തുവിട്ട കണക്കുകളിലാണ് 2019 ൽ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിദേശ നിക്ഷേപം വൻതോതിൽ വർദ്ധിച്ചതായി പറയുന്നത്. ഇന്ത്യയിലേക്ക് 2013 ൽ 1,13,136 കോടിയുടെ വിദേശനിക്ഷേപമാണ് എത്തിയത്. 2014 ൽ 97054 കോടിയെത്തി. 2015 ൽ വെറും 17,808 കോടിയായി ഇത് ഇടിഞ്ഞു. 2016 ൽ 20568 കോടി മാത്രമാണ് ഇന്ത്യയിലേക്ക് എത്തിയത്.

2017 ൽ 51252 കോടി നിക്ഷേപം എത്തി. 2018 ൽ നിക്ഷേപങ്ങൾ വൻതോതിൽ പിൻവലിക്കപ്പെട്ടു. നിക്ഷേപത്തിൽ 33014 കോടി രൂപ കുറവ് വന്നു. 99966 കോടി 2019 ൽ വിദേശനിക്ഷേപമായി ഇന്ത്യയിലേക്കെത്തുന്നത് ശുഭസൂചനയാണ്. ഇന്ത്യൻ മൂലധന വിപണിയില്‍ വിദേശനിക്ഷേപകർക്ക് മുൻപുണ്ടായിരുന്ന വിശ്വാസം തിരികെ വരുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.