ന്യൂഡൽഹി: രാജ്യത്ത് തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് രാഹുൽ ഗാന്ധി.
'ആർ.എസ്.എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുകയാണെന്ന' കുറിപ്പോടെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും അസാമിലെ മാട്ടിയയിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന തടങ്കൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ സഹിതമുള്ള ബി.ബി.സിയുടെ വാർത്താ റിപ്പോർട്ട് രാഹുൽ ട്വീറ്റ് ചെയ്തു. കള്ളം... കള്ളം... കള്ളം...(#JhootJhootJhoot) എന്ന ഹാഷ്ടാഗുമുണ്ടായിരുന്നു.
പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിച്ചുവെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നത് പെരുംനുണയാണെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞിരുന്നു.
'കോൺഗ്രസും നഗര നക്സലുകളും മുസ്ളിങ്ങളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുമെന്ന് അഭ്യൂഹങ്ങൾ പരത്തുന്നു. ഒരിക്കലുമില്ല. രാജ്യത്ത് ഒരു തടങ്കൽ കേന്ദ്രവും ഇല്ല. രാജ്യത്തെ മുസ്ളിങ്ങൾക്ക് പൗരത്വ നിയമവും എൻ.ആർ.സിയും ബാധകമല്ല. '- മോദി രാംലീലാ മൈതാനത്ത് പറഞ്ഞു.
ഇത് ശരിയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും ആവർത്തിച്ചിരുന്നു. 46 കോടി ചെലവഴിച്ച് മൂവായിരത്തിലധികം പേരെ താമസിപ്പിക്കാവുന്ന തടവുകേന്ദ്രമാണ് അസാമിൽ നിർമിക്കുന്നത്.