ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം (2019-20) പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്രഴിച്ച് 1.05 ലക്ഷം കോടി രൂപ നേടുകയെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യം പൂവണിഞ്ഞേക്കില്ല. നടപ്പുവർഷം ഇതുവരെ 17,364.26 കോടി രൂപ മാത്രമാണ് പൊതുമേഖലാ ഓഹരി വില്പനയിലൂടെ സർക്കാരിന് ലഭിച്ചത്.
എയർ ഇന്ത്യ, ബി.പി.സി.എൽ., കണ്ടെയ്‌നർ കോർപ്പറേഷൻ ഒഫ് ഇന്ത്യ (കോൺകോർ) എന്നിവയാണ് ഈ വർഷം സർക്കാരിന്റെ വില്പന പട്ടികയിലുള്ള വമ്പൻ കമ്പനികൾ. എന്നാൽ, സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു ത്രൈമാസം (ജനുവരി-മാർച്ച്) മാത്രം ശേഷിക്കേ, ഇവയുടെ വില്പന നടപടികൾ പൂർണമാകുമെന്ന പ്രതീക്ഷ ധനമന്ത്രാലയത്തിനുമില്ല. ഇവയുടെ വില്‌പന കൂടി ഉൾപ്പെടുത്തി, അടുത്ത സാമ്പത്തിക വർഷത്തെ (2020-21) പൊതുമേഖലാ ഓഹരി വില്പന വരുമാന ലക്ഷ്യം 1.50 ലക്ഷം കോടി രൂപയായി നിശ്‌ചയിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
എയർ ഇന്ത്യ, ബി.പി.സി.എൽ., കോൺകോർ എന്നിവയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള പ്രത്യക്ഷ നടപടികളിലേക്ക് കേന്ദ്രം ഇനിയും കടന്നിട്ടില്ല. നടപ്പുവർഷം താത്പര്യപത്രം ക്ഷണിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെടുത്താലും, വില്പന പൂർണമാകാൻ അടുത്തവർഷം ആദ്യപകുതിയെങ്കിലും വേണ്ടിവരും. അതുകൊണ്ട്, നടപ്പുവർഷത്തെ ലക്ഷ്യത്തിൽ 50,000 കോടി രൂപയുടെ വരെ കുറവും സർക്കാർ വിലയിരുത്തുന്നു. ഭെൽ, ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ തുടങ്ങിയവയാണ് നടപ്പുവർഷത്തെ വില്പന പട്ടികയിലുള്ള കമ്പനികൾ.
വൈകുന്നത് എന്തുകൊണ്ട്?
എയർ ഇന്ത്യ, ബി.പി.സി.എൽ., കോൺകോർ എന്നീ വൻ വില്പനകളാണ് ഈവർഷം സർക്കാർ ലക്ഷ്യമിടുന്നത്. വില്പന നടപടി ഇനിയും തുടങ്ങിയിട്ടില്ല. വില്‌പന നീക്കം ഉടൻ തുടങ്ങിയാലും സെബിയുടെ ഉൾപ്പെടെ മാനദണ്ഡങ്ങൾ പാലിച്ച് അത് പൂർണമാകാൻ സമയമെടുക്കും. നടപ്പുവർഷം ഇനി ശേഷിക്കുന്നത് മൂന്നുമാസം (ജനുവരി-മാർച്ച്) മാത്രമെന്നിരിക്കേ, ലക്ഷ്യം കാണാൻ സർക്കാരിന് കഴിഞ്ഞേക്കില്ല.
വലിയ കമ്പനികൾ;
വമ്പൻ ലക്ഷ്യങ്ങൾ
എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും സർക്കാർ വിറ്രൊഴിയും. കഴിഞ്ഞവർഷം വില്പന നീക്കം നടത്തിയെങ്കിലും വാങ്ങാൻ ആരുമെത്തിയില്ല.
ബി.പി.സി.എല്ലിൽ കേന്ദ്രത്തിനുള്ളത് 53.29 ശതമാനം ഓഹരികൾ. ഇതു പൂർണമായും വിറ്റഴിക്കും. ലക്ഷ്യം 60,000 കോടി രൂപ.
കണ്ടെയ്‌നർ കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ (കോൺകോർ) ഓഹരി പങ്കാളിത്തം 54.8 ശതമാനം. ഇതിൽ 30.8 ശതമാനം ഓഹരികൾ വിൽക്കും. പ്രതീക്ഷ 10,300 കോടി രൂപ.
₹1.05 ലക്ഷം കോടി
നടപ്പുവർഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് 1.05 ലക്ഷം കോടി രൂപ. ഇതുവരെ കീശയിലെത്തിയത് 17,364.26 കോടി രൂപ.
₹80,000 കോടി
കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷ്യം 80,000 കോടി രൂപ ആയിരുന്നെങ്കിലും സർക്കാരിന് ഒരുലക്ഷം കോടി രൂപ ലഭിച്ചു.
ധനക്കമ്മി കൂടും!
നടപ്പുവർഷം ധനക്കമ്മി ജി.ഡി.പിയുടെ 3.3 ശതമാനമായി നിയന്ത്രിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. പൊതുമേഖലാ ഓഹരികൾ വിറ്റഴിച്ച് ലക്ഷ്യമിടുന്ന വരുമാനം നേടാനായില്ലെങ്കിൽ ധനക്കമ്മി 'നിയന്ത്രണരേഖ" കടന്ന് കുതിക്കും.