up-police

യു.പിയിൽ കൊല്ലപ്പെട്ടത് 21പേർ

കൊല്ലപ്പെട്ടവരെ പ്രതിയാക്കി പൊലീസ്

ബിജ്‌നോർ:പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ വീടുകൾ സന്ദർശിക്കാൻ ഉത്തർപ്രദേശ് മന്ത്രി കപിൽദേവ് അഗർവാൾ വിസമ്മതിച്ചത് വിവാദമായി. പരിക്കേറ്റ ഓം രാജ് സെയ്‌നി എന്നയാളുടെ വീട്ടിൽ എത്തിയ കപിൽ, പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സുലെമാൻ (20), ഐ.എ.എസ് പരീക്ഷാർത്ഥി അനസ് എന്നിവരുടെ വീടുകളും സന്ദർശിക്കണമെന്ന നാട്ടുകാരുടെ അപേക്ഷ നിരാകരിച്ചു.

പ്രക്ഷോഭകാരികളുടെ വീട്ടിൽ ഞാനെന്തിന്‌ പോകണം? അവർ പ്രക്ഷോഭം നടത്തുകയാണ്. വികാരത്തെ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. അവരെങ്ങനെയാണ് സമൂഹത്തിന്റെ ഭാഗമാകുന്നത്. ഇത് ഹിന്ദു മുസ്ലിം എന്നവേർതിരിവല്ല. ഞാനെന്തിന് അങ്ങോട്ട്‌പോകണം?- കപിൽ ചോദിച്ചു.

ഇവരുടെ വീടുകളിൽ കോൺഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം എത്തിയിരുന്നു.

അതിനിടെ പ്രതിഷേധത്തിനിടെ ഉത്തർപ്രദേശിൽ പൊലീസിന്റെ വെടിയേറ്റ ഒരാൾ കൂടി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന മുസാഫർനഗർ സ്വദേശി ഹാരൂണാണ് (30) ഇന്നലെ മരിച്ചത്. ഇതോടെ യു.പിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി.

ഹാരൂൺ ചന്തയിൽ കാളയെ വിറ്റശേഷം വീട്ടിലേക്ക് മടങ്ങുംവഴിയാണ് വെടിയേറ്റതെന്നും പ്രതിഷേധത്തിൽ പങ്കെടുത്തില്ലെന്നും ബന്ധുക്കൾ പറഞ്ഞു.സംഭവം അറിയില്ലെന്നാണ് പൊലീസിന്റെ പ്രതികരണം.

അതേസമയം, പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് പ്രതികാര നടപടികളാരംഭിച്ചു. കൊല്ലപ്പെട്ടവരെയും പ്രതികളാക്കി കേസെടുത്തു.

കൊല്ലപ്പെട്ട സുലെമാന് വെടിയേറ്റത് സർവീസ് തോക്കിൽ നിന്നാണെന്ന് പൊലീസ് സമ്മതിച്ചിരുന്നു. ചികിത്സയിലിരിക്കുന്ന മീററ്റ് സ്വദേശിയായ 17കാരന് നട്ടെല്ലിനാണ് വെടിയേറ്റത്. മകൻ പ്രതിഷേധത്തിൽ പങ്കെടുത്തില്ലെന്നും ഇനിയൊരിക്കലും കുട്ടിക്ക് നടക്കാനാവില്ലെന്നും അമ്മ പറഞ്ഞു.

മീററ്റിൽ പ്രതിഷേധത്തെക്കുറിച്ച് അറിയാതെയാണ് മുഹമ്മദ് സഹീർ (45) റോഡിലിറങ്ങിയത്. കടയ്ക്ക് സമീപം ഇരുന്ന് പുകവലിക്കുമ്പോഴാണ് വെടിയേറ്റത്. തത്ക്ഷണം മരിച്ചു.

പിടികിട്ടാപ്പുള്ളികൾ

പ്രതിഷേധിച്ചവരെ പിടികിട്ടാപുള്ളികളാക്കി നോട്ടീസ് പതിച്ചു.

അക്രമികൾ എന്ന് പറഞ്ഞ് 110 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ഇവരെ കണ്ടത്തെുന്നവർക്ക് 25, 000 രൂപ പ്രഖ്യാപിച്ചു.

പിഴ 50ലക്ഷം

ഏറ്റവും കൂടുതൽ അക്രമങ്ങളുണ്ടായ രാംപുർ, സമ്പാൽ, ബിജ്‌നോർ, ഗൊരഖ്പുർ എന്നിവിടങ്ങളിൽ 130 പേർക്ക്, സ്വത്തുക്കൾ കണ്ടുകെട്ടാതിരിക്കാൻ 50 ലക്ഷം രൂപ വരെ പിഴ അടയ്‌ക്കാൻ നോട്ടീസ് അയച്ചു. പൊതുമുതൽ നശിപ്പിച്ചെന്ന് പറഞ്ഞാണിത്.

ഇവരിൽ ഭൂരിഭാഗവും പാവങ്ങളാണ്. ഇവർക്ക് പിഴത്തുക താങ്ങാനാവില്ല.


പൊലീസിനെ വെടിവച്ചതിന്റെ
ദൃശ്യങ്ങൾ

ലക്‌നൗ : പ്രതിഷേധത്തിനിടെ മീററ്റിൽ പൊലീസിനെ വെടി വയ്‌ക്കുന്ന ചിലരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും യു.പി പൊലീസ് പുറത്തുവിട്ടു.

പൊലീസിന് നേരേ വെടി വയ്ക്കുന്ന രണ്ടുപേരെയും തോക്കുമായി നീങ്ങുന്ന മുഖംമറച്ച ഒരാളെയും ദൃശ്യങ്ങളിൽ കാണാം. 288 പൊലീസുകാർക്ക് പരിക്കേറ്റതായും ഇതിൽ 62 പേർക്ക് വെടിയേറ്റതാണെന്നും പൊലീസ് പറഞ്ഞു.