ഭേദഗതിയില്‍ പ്രതികരണം
1. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം നിലനില്‍ക്കെ, പ്രതികരണവുമായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കള്‍. നിങ്ങള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ എല്ലാവരും പിന്തുടരുന്നു. ശരിയായ ദിശയില്‍ നയിക്കുന്നവരാണ് നേതാക്കള്‍. നഗരങ്ങളില്‍ തീവെപ്പും അക്രമവും നടത്താന്‍ ആള്‍ക്കൂട്ടത്താല്‍ നയിക്കപ്പെടുന്ന വലിയ ഒരു കൂട്ടം സര്‍വകലാശാല കോളജ് വിദ്യാര്‍ഥികളെ കാണുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായ പ്രതിഷേധം അരങ്ങേറുകയാണ് ഈ അവസ്ഥ മാറേണ്ടതുണ്ട് എന്നും കരസേനാ മേധാവി
2. രാജ്യത്തെ അക്രമങ്ങളില്‍ കോണ്‍ഗ്രസിനെ പഴിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്ത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പൗരത്വ ഭേദഗതി നിയമത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് അമിത് ഷാ. കോണ്‍ഗ്രസ് നിയമത്തെ രാഷ്ട്രീയ വത്കരിച്ചു എന്നും അമിത് ഷാ ആരോപിച്ചു. ഡല്‍ഹിയില്‍ ആയിരുന്നു അമിത് ഷായുടെ പ്രതികരണം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഡല്‍ഹിയിലെ സമാധാന അന്തരീക്ഷം കോണ്‍ഗ്രസ് തകര്‍ത്തു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമത്തിന് എതിരെ പ്രതിഷേധങ്ങള്‍ ശക്തം ആകുന്നതിനിടെ ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ പാര്‍ട്ടി യോഗം വിളിച്ചു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം വിളിച്ചിരിക്കുന്നത്
3. അതിനിടെ, പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് ആയി രാജ്യത്ത് എവിടെയും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് എതിരെ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസ്താവന നുണ എന്ന് രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിന്റെ പ്രധാനമന്ത്രി ഭാരത മാതാവിനോട് നുണ പറയുക ആണ് എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അസമില്‍ പണി പൂര്‍ത്തീകരിക്കുന്ന തടങ്കല്‍ പാളയത്തിന്റെ വീഡിയോ പങ്കുവച്ചാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
4. കുട്ടനാട് ഉപ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മുന്നണികള്‍. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എല്‍.ഡി.എഫിനും, കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ യു.ഡി.എഫിനും വെല്ലുവിളിയാണ്. ബി.ജെ.പി - ബി.ഡി.ജെ.എസ് തര്‍ക്കം എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഫലിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഉപ തിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ്.
5. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്‍.സി.പിക്ക് എളുപ്പമാകില്ല. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. ചാണ്ടിയുടെ സഹോദരനെയോ മകളെയോ മത്സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ തോമസ് ചാണ്ടിയോളം സ്വീകാര്യത കിട്ടുമോയെന്ന ആശങ്ക എന്‍.സി.പിക്കുണ്ട്. കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന വികാരം ആലപ്പുഴ സി.പി.എമ്മിലും ശക്തമാണ്.
6. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ തുടരുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ല. ബി.ജെ.പി തീകൊണ്ട് കളിക്കരുതെന്നും അവര്‍ പറഞ്ഞു. കല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു മമത ബാനര്‍ജിയുടെ പരാമര്‍ശം. ബി.ജെ.പി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും മമത ആരോപിച്ചു. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരാമര്‍ശം
7. ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ ഉയര്‍ത്തിയേക്കും. കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധനവ് വരുത്താനാണ് നീക്കം. എ.സി കാറ്റഗറിയിലും അണ്‍ റിസര്‍വഡ് കാറ്റഗറിയിലും സീസണ്‍ ടിക്കറ്റുകളിലും വര്‍ധനവ് ഉണ്ടാകും. നിരക്ക് വര്‍ധനവിന് കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കി ഇരുന്നു. റെയില്‍വെയ്ക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ വളര്‍ച്ചാ നിരക്കിന് പുറമേ, യാത്രാ നിരക്കില്‍ നിന്നുള്ള വരുമാനത്തിലും കുറവ് വന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിരക്ക്.
8. പൗരത്വ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സംബന്ധിച്ച് ജനങ്ങളില്‍ ഉയര്‍ന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്ലീം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു. 29ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ആയിരിക്കും യോഗം. ഇന്ത്യന്‍ ജനതയെ ഭീതിയില്‍ ആഴ്ത്തുകയും ഭരണഘടനയുടെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിക്കുന്നത് എന്ന് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
9. വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആയി നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 29 ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ വെളുപ്പിന് ഒരു മണി വരെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗം ആയി നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. പൊതുയിടം എന്റേതും എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക ആണ് രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ആരോഗ്യ -വനിത ശിശു വികസന മന്ത്രി കെ.കെ.ശൈലജ .
10. കോട്ടക്കല്‍- മലപ്പുറം റോഡില്‍ കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഓടുന്ന കാറിന്റെ പിന്‍ഡോര്‍ തുറന്ന് കുട്ടി ബസിന് മുന്നിലേക്ക് വീഴുക ആയിരുന്നു. കാര്‍ വളവ് തിരിയുന്നതിനിടെ തിരക്കുള്ള റോഡിലേക്ക് ആണ് കുട്ടി വീണത്. ബസിന്റെ മുന്നിലേക്ക് കുട്ടി വീഴുന്നതും ബസ് പെട്ടെന്ന് നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. കാറിന്റെ പിന്‍ഡോര്‍ പൂര്‍ണമായും അടക്കാതിരുന്നതോ കുട്ടി തുറന്നതോ ആവാം അപകടകാരണം എന്നാണ് നിഗമനം.
11. വലയ സൂര്യഗ്രഹണം വീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഇപ്പോ ട്രെന്‍ഡിംഗ് മീം ആയി കൊണ്ടിരിക്കുക ആണ്. എന്നാല്‍ ട്രോള്‍ ആക്രമണത്തെ വളരെ കൂള്‍ ആയാണ് മോദി കൈകാര്യം ചെയ്തത്. മോദിയുടെ ചിത്രം മീംമായി മാറുന്നു എന്ന ട്വീറ്റ്, ട്രോളന്മാരെ സ്വാഗതം ചെയ്യുന്നു എന്ന കുറിപ്പോടെ മോദി റീട്വീറ്റ് ചെയ്തു. സൂര്യഗ്രഹണം വീക്ഷിക്കുന്ന സമയത്ത് മോദി വച്ചിരുന്ന കണ്ണട, മെയ്ബാച് എന്ന ജര്‍മന്‍ കമ്പനിയുടെ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന കണ്ണടയാണ് എന്നും പറയപ്പെടുന്നു.
12.സ്‌കൂളിലെ ക്രിസ്മസ് ആഘോഷവേളയില്‍ തല അജിത്തിന്റെ മകള്‍ അനൗഷ്‌ക പാടിയ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. അനൗഷ്‌കയുടെ പാട്ടിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വാലിമൈ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അജിത്. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്. 2020 ദീപാവലി റിലീസായി ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍