caa-

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ വിമർശിച്ച് രാഷ്ട്രീയ പരമാർശം നടത്തിയ കരസേനാ മേധാവിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ബിപിൻ റാവത്തിന്റെ പ്രസ്താവന പൂർണമായും ഭരണഘടനാ ജനാധിപത്യത്തിന് എതിരാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇന്ന് രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കാൻ സൈനിക മേധാവിക്ക് അനുവാദം നൽകിയാൽ നാളെ സൈന്യം ഏറ്റെടുക്കുന്നതിനുള്ള അനുവാദവും നൽകുമെന്ന് കോൺഗ്രസ് വക്താവ് ബ്രിജീഷ് കളപ്പ ട്വീറ്റ് ചെയ്തു.

മോദി സർക്കാരിനു കീഴിൽസ്ഥിതിഗതികള്‍ എത്രത്തോളം അധഃപതിച്ചിരിക്കുന്നുവെന്ന് കരസേനാ മേധാവിയുടെ പ്രസ്താവന തെളിയിക്കുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

മോദിക്ക് കീഴിൽ യൂണിഫോമിലുള്ള ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന് തന്റെ എല്ലാ പരിധികളും ലംഘിക്കാൻകഴിയും. ഉന്നത സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് ജനാധിപത്യ പ്രക്ഷോഭങ്ങളഉടെ കാര്യത്തിൽ ഇത്തരം മ്ലേച്ഛമായ ഇടപെടൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണെന്നും യെച്ചൂരി പറഞ്ഞു. ബിപിൻ റാവത്തിന്റെ പ്രസ്താവനക്കെതിരെ മറ്റു വിവിധ പാർട്ടി നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

തെറ്റായ ദിശയിലേക്ക് ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കൾ.ഇത്തരത്തിൽ സർവകലാശാലകളിലെയും കോളേജുകളിലെയുമൊക്കെ വിദ്യാർത്ഥികൾ അക്രമവും തീവെപ്പും നടത്താൻ വലിയൊരു വിഭാഗം ജനങ്ങളെ നയിക്കുന്നത് നമ്മൾ കണ്ടു.ഇതല്ല നേതൃത്വമെന്നുമാണ് ബിപിൻ റാവത്ത് പറഞ്ഞത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ സൂചിപ്പിച്ചായിരുന്നു വിമർശം.