മുംബയ്: പത്തുലക്ഷം രൂപയ്ക്കുമേൽ ടിക്കറ്ര് നിരക്ക് കുടിശികയാക്കിയ കേന്ദ്രസർക്കാർ ഏജൻസികളെ എയർ ഇന്ത്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. സർക്കാർ ഏജൻസികൾക്കെതിരെ എയർ ഇന്ത്യയുടെ ഇത്തരം നടപടി ആദ്യമാണ്. ടിക്കറ്ര് നിരക്കിൽ പത്തുലക്ഷം രൂപയ്ക്കുമേൽ കുടിശിക വരുത്തിയ സി.ബി.ഐ., എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്ര് (ഇ.ഡി), ഇന്റലിജൻസ് ബ്യൂറോ (ഐ.ബി), കസ്‌റ്രംസ് കമ്മിഷണർമാർ, കൺട്രോളർ ഒഫ് ഡിഫൻസ് അക്കൗണ്ട്‌സ്, ബി.എസ്.എഫ് തുടങ്ങിയവയാണ് കരിമ്പട്ടികയിലുള്ളത്.
ടിക്കറ്ര് വാങ്ങിയ ഇനത്തിൽ ഇവയെല്ലാം കൂടി എയർ ഇന്ത്യയ്ക്ക് നൽകാനുള്ള കുടിശിക 268 കോടി രൂപയാണ്. ഈ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് കുടിശിക വീട്ടുന്നതുവരെ എയർ ഇന്ത്യയിൽ യാത്ര ചെയ്യാനാവില്ല. സെൻട്രൽ ലേബർ ഇൻസ്‌റ്റിറ്ര്യൂട്ട്, ഇന്ത്യൻ ഓഡിറ്ര് ബോർഡ് തുടങ്ങിയവയും കരിമ്പട്ടികയിലുണ്ട്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി, കുടിശികക്കാരുടെ പട്ടിക തയ്യാറാക്കി പ്രത്യേക 'റിക്കവറി" കാമ്പയിൻ എയർ ഇന്ത്യ തുടങ്ങിയിരുന്നു. ഇതിലൂടെ 50 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്‌തു.
കുടിശികക്കാർ ആണെങ്കിലും ഏതാനും സ്ഥാപനങ്ങളെ എയർ ഇന്ത്യ കരിമ്പട്ടികയിൽ ചേർത്തിട്ടില്ല. എയർപോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ, ലോക്‌സഭ, കേന്ദ്ര വ്യോമയാന മന്ത്രാലയം, ലേബർ കമ്മിഷണർ എന്നിവയാണ് 'രക്ഷപ്പെട്ടത്". കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ വ്യോമയാത്രയ്ക്ക് എയർ ഇന്ത്യയെയാണ് പരിഗണിക്കേണ്ടത്. എയർ ഇന്ത്യയ്ക്ക് സർവീസ് ഇല്ലാത്ത പാതയിൽ മാത്രമാണ് സ്വകാര്യ വിമാന കമ്പനികളെ സമീപിക്കുക.
കരിമ്പട്ടിക
സി.ബി.ഐ.,
ഐ.ബി.,
ഇ.ഡി.,
ബി.എസ്.എഫ്.,
കസ്‌റ്രംസ് കമ്മിഷണർമാർ
തുടങ്ങിയവർ.
₹268 കോടി
സർക്കാർ ഏജൻസികളിൽ നിന്ന് എയർ ഇന്ത്യയ്ക്ക് കിട്ടാനുള്ള ടിക്കറ്ര് നിരക്ക് കുടിശിക 268 കോടി രൂപ.
₹5.4 കോടി
മുംബയ് ആസ്ഥാനമായുള്ള കൺട്രോളർ ഒഫ് ഡിഫൻസ് അക്കൗണ്ട്‌സ് ആണ് ഏറ്റവും വലിയ കുടിശികക്കാരൻ! കുടിശിക 5.4 കോടി രൂപ. ഏറ്റവും കുറവ് കുടിശിക മുംബയ് സൂപ്രണ്ട് ഒഫ് പൊലീസ്; തുക 3,811 രൂപ.